എറണാകുളം, കളമശേരി മേഖലകളില്‍ ജോലിക്കും ബിസിനസ്, ചികിത്സാ ആവശ്യങ്ങള്‍ക്കും മറ്റുമായി പതിനായിരങ്ങളാണ് തൃപ്പൂണിത്തുറ വഴി സഞ്ചരിക്കുന്നത്.ഗതാഗതക്കുരുക്കില്‍ റോഡ് മാർഗം സമയത്ത് എത്തിച്ചേരാൻ കഴിയാതെ ഇവർ ക്ളേശിച്ചിരുന്നു.
മെട്രോ എസ്.എൻ. ജംഗ്ഷനില്‍ എത്തിയതോടെ അവിടെനിന്ന് മെട്രോയില്‍ കയറുന്നവർ വർദ്ധിച്ചിരുന്നു. തൊടുപുഴ, മൂവാറ്റുപുഴ, പിറവം മേഖലകളില്‍ നിന്ന് ബസുകളില്‍ എത്തുന്നവർക്ക് മെട്രോയില്‍ കയറാൻ വടക്കേക്കോട്ടയിലോ എസ്.എൻ. ജംഗ്ഷനിലോ വരണമായിരുന്നു. ഇനി തൃപ്പൂണിത്തുറ റെയില്‍വെ സ്റ്റേഷൻ സ്റ്റോപ്പിലിറങ്ങി മെട്രോയില്‍ കയറാൻ കഴിയും.
അതേപോലെ കോട്ടയം ഭാഗത്തുനിന്ന് രാവിലെയും വൈകിട്ടും ആയിരങ്ങളാണ് ട്രെയിൻ മാർഗവും അല്ലാതെയും എറണാകുളത്ത് എത്തുകയും മടങ്ങുകയും ചെയ്യുന്നത്. രാവിലെ പാസഞ്ചർ ട്രെയിനുകള്‍ വൈറ്റിലയ്ക്കും നോർത്ത്, സൗത്ത് സ്റ്റേഷനുകള്‍ക്കുമിടയില്‍ പിടിച്ചിടുന്നത് പതിവാണ്. ഒരു മണിക്കൂർ വരെ കിടക്കേണ്ടിവരാറുണ്ട്. സമയത്ത് ഓഫീസുകളിലും മറ്റു ലക്ഷ്യസ്ഥാനങ്ങളിലും എത്താൻ കഴിയാത്തത് പ്രതിഷേധങ്ങള്‍ക്കും വഴിവച്ചിട്ടുണ്ട്.
കോട്ടയം ഭാഗത്തുനിന്ന് ട്രെയിനില്‍ വരുന്നവർക്ക് തൃപ്പൂണിത്തുറയില്‍ ഇറങ്ങി മെട്രോയില്‍ കയറിയാല്‍ ഇനി കുരുക്ക് ഭയക്കാതെ കൊച്ചി നഗരത്തില്‍ എത്തിച്ചേരാൻ കഴിയും.
തീർത്ഥാടനകേന്ദ്രങ്ങളായ ചോറ്റാനിക്കര, കരിങ്ങാച്ചിറ, പിറവം നാലമ്ബലങ്ങള്‍, ടൂറിസം കേന്ദ്രങ്ങളായ ഹില്‍ പാലസ്, അരീക്കല്‍ എന്നിവിടങ്ങളിലേയ്ക്ക് പോകുന്നവർക്കും മെട്രോ എളുപ്പമാർഗമാകും.
തൃപ്പൂണിത്തുറ റെയില്‍വെ സ്റ്റേഷനും മെട്രോ ടെർമിനലിലും സമീപത്തായി ബസ് ടെർമിനല്‍ കൂടി നിർമ്മിക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട് .നഗരസഭയുടെ നേതൃത്വത്തില്‍ ഇതിനായി ചില നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വൈറ്റില മാതൃകയില്‍ ട്രാവല്‍ ഹബ് നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. വിശാലകൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ) ഇതിനുള്ള സാദ്ധ്യതകള്‍ വിലയിരുത്തുകയാണ്. സ്ഥലം ലഭ്യമായാല്‍ നഗരസഭയും ജി.സി.ഡി.എയും ചേർന്ന് പദ്ധതി നടപ്പാക്കും.