IndiaNEWS

കാണാതായ പിഎച്ച്ഡി വിദ്യാര്‍ഥിനി ഖത്തറിൽ; ലൗജിഹാദ് എന്ന് ആരോപണം

കാസർകോട്: കഴിഞ്ഞ ദിവസം മംഗലാപുരത്ത് നിന്നും കാണാതായ പിഎച്ച്ഡി വിദ്യാര്‍ഥിനി ഖത്തറിൽ എത്തിയതായി  ഉള്ളാള്‍ പൊലീസ്. സന്ദര്‍ശക വിസയിലാണ് ചൈത്ര എന്ന യുവതി ഖത്തറിൽ പോയതെന്നും  യുവതിയുടെ സന്ദേശം ലഭിച്ചതായും പൊലീസ് അറിയിച്ചു.

മഡൂരില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ചൈത്രയെ ഫെബ്രുവരി 17നാണ് കാണാതായത്. പെണ്‍കുട്ടിയെ കാണാതായതിന് പിന്നാലെ ‘ലൗ ജിഹാദ്’ ആണെന്ന് ആരോപിച്ച്‌ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

തീരുമാനങ്ങള്‍ എടുക്കാന്‍ തനിക്ക് പക്വതയുണ്ടെന്നും ആരുടെയും സമ്മർദ്ദത്തിന്  വഴങ്ങിയല്ല താന്‍ പോയതെന്നും ചൈത്ര പോലീസിന് അയച്ച ഇമെയിൽ സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

Signature-ad

‘ഇഷ്ടമുള്ള ഒരാളെ സ്‌നേഹിക്കാന്‍ അവകാശമുണ്ട്. ജീവിതം നയിക്കാനുള്ള പക്വതയുമുണ്ട്. ഞാന്‍ ആരുടെയും ഒരു സമ്മർദ്ദത്തിനും വഴങ്ങിയിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് ഖത്തറിൽ വന്നത്. ഞാന്‍ പ്രായപൂര്‍ത്തിയായ ആളാണ്. എനിക്ക് ജീവിക്കാന്‍ അവകാശമില്ലേ? എനിക്ക് സ്‌നേഹിക്കാന്‍ അവകാശമില്ലേ.’- ഇമെയില്‍ സന്ദേശത്തിന്റെ ഉള്ളടക്കത്തില്‍ ഇങ്ങനെ പറയുന്നു.

ഇതിനിടെ യുവതിയെ കാണാതായെന്ന പരാതിക്ക് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആണ്‍സുഹൃത്തായ ശാരൂഖ് എന്ന യുവാവിനെ മധ്യപ്രദേശില്‍നിന്ന് പിടികൂടിയിരുന്നു. ചൈത്രയെ ഡെല്‍ഹിയിലാക്കിയശേഷം മധ്യപ്രദേശിലെ സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോഴാണ് ഇയാളെ പിടികൂടിയത്.

മംഗലാപുരത്ത് നിന്നും  ഗോവ, മുംബൈ വഴി ശാരൂഖിനൊപ്പം ഹിമാചല്‍ പ്രദേശിലേക്കാണ് ആദ്യം ചൈത്ര പോയത്. ഇവിടെ നിന്ന്  ഡെല്‍ഹിയിലെത്തി  ഖത്തറിലേക്ക് പോവുകയായിരുന്നു. യാത്രയ്ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തത് ശാരൂഖ് ആയിരുന്നുവെന്നും ചൈത്രയും ശാരൂഖും തമ്മില്‍ പ്രണയബന്ധത്തിലായിരുന്നു എന്നുമാണ് പോലീസ് നൽകുന്ന സൂചന.

വിദ്യാര്‍ഥിനിയെ കാണാതായെന്ന പരാതിയ്ക്ക് പിന്നാലെ നടത്തിയ അന്വേഷണത്തില്‍, ചൈത്ര സ്കൂട്ടറിൽ സൂറത്കലില്‍ എത്തിയായി വ്യക്തമായിരുന്നു. ശേഷം വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി ബംഗളൂരുവിൽ എത്തിയെന്ന വിവരം ലഭിച്ചു.

മജസ്റ്റിക് ബസ് സ്റ്റാന്‍ഡിലെ സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് ചൈത്ര ബംഗളൂരുവിൽ എത്തിയതായും പോലീസ് കണ്ടെത്തിയിരുന്നു.പിന്നീട് ചൈത്രയെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല.ഇതിനിടെയാണ് ചൈത്രയുടെ തന്നെ സന്ദേശം പോലീസിന് ലഭിക്കുന്നത്.

Back to top button
error: