കേരളത്തില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് സാധ്യതകളെ എല്ലാം പിസിയുടെ പരസ്യ പ്രസ്താവനകള്‍ പ്രതിസന്ധിയിലാക്കിയെന്ന തരത്തിലാണ് കാര്യങ്ങളെ സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്.
പ്രചരണ കാലത്ത് അച്ചടക്കം ആരു ലംഘിച്ചാലും കര്‍ശന നടപടി എടുക്കണമെന്നാണ് നിര്‍ദ്ദേശം. ബിജെപിയുമായി അനുനയത്തിന് തയ്യാറായില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്നും ഉടന്‍ പിസിയെ പുറത്താക്കും. ഒരാഴ്ച പിസിയ്ക്ക് നിരീക്ഷണ കാലമായി അനുവദിക്കും. അതിന് ശേഷം വേണ്ടി വന്നാല്‍ നടപടി എടുക്കുമെന്നാണ് പ്രവർത്തകർക്ക് സംസ്ഥാന നേതൃത്വത്തിന്റെ ഉറപ്പ്.
പാര്‍ട്ടി അച്ചടക്കം പാലിക്കാത്ത സാഹചര്യം ഇനി ഉണ്ടായാല്‍ അതിവേഗ നടപടിയും ഉണ്ടാകും. കേരളത്തിലെ ആർഎസ്‌എസ് നേതൃത്വവും പിസിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ അലോസരത്തിലാണ്. പിസിയുടേത് അംഗീകരിക്കാന്‍ കഴിയാത്ത പരസ്യ വിമര്‍ശനമാണെന്നും പ്രവർത്തകരുടെ അത്മവിശ്വാസം തകര്‍ക്കുന്നതാണെന്നും അവർ പറയുന്നു.
അനില്‍ ആന്റണിയെ പത്തനംതിട്ടയില്‍ സ്ഥാനാർത്ഥിയാക്കിയതില്‍ പരസ്യമായി അമര്‍ഷം പ്രകടിപ്പിച്ച ജോർജിനെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പരസ്യമായി താക്കീത് ചെയ്തിട്ടുണ്ട്. പിസിക്കെതിരെ ബിഡിജെഎസും ഗുരുതരമായ ആരോപണങ്ങള്‍ ബിജെപി ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ച് ദേശീയ നേതൃത്വവും പിസിയെ കടുത്ത അതൃപ്തി അറിയിച്ചു. വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിക്കണമെന്നും മിതത്വം പാലിക്കണമെന്നുമാണ് നിര്‍ദേശം. ഇതിനുപുറമെ, ഫെയ്സ്ബുക്കിലൂടെ എന്തെങ്കിലും വിളിച്ച് പറയുന്നവര്‍ പാര്‍ട്ടിയില്‍ കാണില്ലെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ദേശീയ നേതൃത്വത്തിന്റെ മനസ്സ് കൂടി അറിഞ്ഞാണ് സുരേന്ദ്രന്‍ പരസ്യമായി തന്നെ പ്രതികരണം നടത്തിയത് എന്നാണ് സൂചന.