IndiaNEWS

‘ഹജ്ജ് സുവിധ ആപ്പ്’ വന്നു, ഇനി ഹജ്ജ് തീർഥാടനത്തിന് പോകുന്നവർക്ക്  എല്ലാ വിവരങ്ങളും വിരൽത്തുമ്പിൽ

     ഹജ്ജ് തീർഥാടനത്തിന് പോകുന്നവർക്ക് സന്തോഷ വാർത്ത. അവശ്യ വിവരങ്ങൾ, വിമാന വിശദാംശങ്ങൾ, താമസം തുടങ്ങിയ സുപ്രധാന വിവരങ്ങൾ ലഭിക്കുന്ന ആപ്പ് പുറത്തിറക്കിയിരിക്കുന്നു കേന്ദ്ര സർക്കാർ. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി ഞായറാഴ്ചയാണ് ‘ഹജ്ജ് സുവിധ ആപ്പ്’  ലോഞ്ച് ചെയ്തത്. ഹാജിമാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ കേന്ദ്ര സർക്കാരിന്റെ എല്ലാ വകുപ്പുകളു തമ്മിൽ ഏകോപനത്തിലാണെന്നും മന്ത്രി പറഞ്ഞു.

വിവരങ്ങൾ വിരൽ തുമ്പിൽ

Signature-ad

ഹജ്ജ് സുവിധ ആപ്പ് ഏത് സമയത്തും ഹാജിമാരുടെ നിലവിലെ സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ അധികാരികൾക്ക് നൽകും. ആവശ്യമുള്ള സമയങ്ങളിൽ അടുത്തുള്ള ആരോഗ്യ സൗകര്യങ്ങൾ കണ്ടെത്താനും ആപ്പ് സഹായിക്കും. ഏതെങ്കിലും അടിയന്തര സാഹചര്യത്തിൽ, ഹെൽപ്പ് ഡെസ്‌കുമായോ കൺട്രോൾ റൂമുമായോ നേരിട്ട് ആശയവിനിമയം നടത്തുക, പ്രധാനപ്പെട്ട രേഖകൾ, ട്രാക്കിംഗ് സംവിധാനം, സാധനങ്ങളുടെ സുരക്ഷ, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട സഹായം, മറ്റ് സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ആപ്പിൽ ലഭ്യമാണ്.

ഡിജിറ്റൽ, മൊബൈൽ സാങ്കേതികവിദ്യയുടെയും ഹജ്ജ് സുവിധ ആപ്പിൻ്റെയും സഹായത്തോടെ തീർഥാടകർക്ക് ആവശ്യമായ വിവരങ്ങൾ വിരൽത്തുമ്പിൽ ലഭിക്കും. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ മാർഗനിർദേശപ്രകാരം ബിസാഗ്-എൻ വികസിപ്പിച്ചെടുത്തതാണ് ആപ്പ്. യാത്രയ്ക്കിടെ തീർഥാടകർ അഭിമുഖീകരിക്കുന്ന പൊതുവായ പ്രശ്‌നങ്ങൾക്കുള്ള പരിഹാരങ്ങൾ ആപ്പ് വാഗ്ദാനം ചെയ്യുന്നു, പ്രത്യേകിച്ചും ജീവിതത്തിൽ ആദ്യമായി ഹജ്ജ് നിർവഹിക്കുന്നവർക്ക് ഇത് ഒരു അനുഗ്രഹമാകുമെന്ന് സർക്കാർ പ്രസ്താവനയിൽ പറയുന്നു.

തീർഥാടകർക്കായി ഹജ് സുവിധ ആപ്പ് ഉപയോഗിക്കുന്നതിന് പ്രത്യേക ഊന്നൽ നൽകി തീർഥാടനത്തിൻ്റെ വിവിധ വശങ്ങളെ കുറിച്ച് തീർഥാടകരെ ബോധവത്കരിക്കുന്നതിനായി തയ്യാറാക്കിയ ഹജ്ജ് ഗൈഡ്-2024 ഉം സ്‌മൃതി ഇറാനി പുറത്തിറക്കി.  10 ഭാഷകളിൽ പ്രസിദ്ധീകരിക്കുന്ന ഗൈഡ് എല്ലാ ഹജ്ജ് തീർഥാടകർക്ക് നൽകും.

Back to top button
error: