കൊച്ചിയിലെ തൈക്കുടത്ത് മകള്‍ വീട്ടില്‍ കയറ്റുന്നില്ലെന്ന പരാതിയുമായി 78കാരിയായ അമ്മ. തൈക്കൂടം സ്വദേശി സരോജിനി (78)യാണ് ദിവസങ്ങളോളം വീടിന് പുറത്ത് കാത്തിരുന്നത്. വീട്ടില്‍ കയറ്റാന്‍ ആര്‍.ഡി.ഒയുടെ ഉത്തരവുണ്ടായിട്ടും പൊലീസ് ഇടപെട്ടില്ലെന്നാണ് ആക്ഷേപം. ഒടുവില്‍ നാട്ടുകാരുടെ സഹായത്തോടെ സരോജിനി വാതില്‍ പൊളിച്ചു അകത്തു കയറി.
തൈക്കുടത്തെ എകെജി റോഡിലെ സ്വന്തം വീട്ടില്‍ മൂത്ത മകള്‍ക്കൊപ്പമായിരുന്നു സരോജിനിയുടെ താമസം. മൂകാംബികയില്‍ പോവുകയാണെന്നും ഇളയമകള്‍ക്കൊപ്പം നില്‍ക്കണമെന്ന് അറിയിച്ചു മൂത്ത മകളും കുടുംബവും വീടുപൂട്ടി പോവുകയായിരുന്നു. ഇളയമകള്‍ക്കൊപ്പം താമസിച്ച സരോജിനി എട്ട് ദിവസം മുന്‍പാണ് മടങ്ങിയെത്തിയത്.
എന്നാല്‍ വീട് പൂട്ടിത്തന്നെ കിടക്കുകയായിരുന്നു. അമ്മയെ ഒഴിവാക്കാനുള്ള മക്കളുടെ തന്ത്രമായിരുന്നു മൂകാംബിക യാത്ര എന്ന കാര്യം പാവം വയോധികക്കു മനസിലായില്ല. അയല്‍വീടുകളില്‍ മാറിമാറി താമസിച്ചു വരികയായിരുന്നു അവർ. അതിനിടെ വീട്ടില്‍ കയറ്റണമെന്ന് അറിയിച്ച് ആര്‍.ഡി.ഒ ഉത്തരവിറക്കിയിട്ടും മക്കൾ പ്രതികരിച്ചില്ല. ഒടുവില്‍ സ്വയം കമ്പിപ്പാരകൊണ്ട് വാതില്‍ പൊളിച്ച് സരോജിനി വീടിനടത്ത് കയറുകയായിരുന്നു. വിവരമറിഞ്ഞ എംഎല്‍എ ഉമ തോമസും പൊലീസും എത്തി തുടർ നടപടികള്‍ സ്വീകരിച്ചു.