വാരണാസി ജില്ലാ ജഡ്ജിയായി സര്‍വിസില്‍ നിന്ന് വിരമിച്ച അജയ കൃഷ്ണ വിശ്വേശക്ക് ആണ് നിയമനം. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചെയര്‍മാനായ സര്‍ക്കാര്‍ സര്‍വകലാശാലയാണിത്.
ജനുവരി 31നാണ് വിശ്വേശ സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്. ഗ്യാന്‍വാപി മസ്ജിദിന്റെ താഴത്തെ നില ആരാധനക്കായി ഹിന്ദുക്കള്‍ക്ക് കൈമാറി വിധി പറഞ്ഞതും അതേ ദിവസമായിരുന്നു. ഒരുമാസം തികയുന്നതിന് മുമ്ബ് ഫെബ്രുവരി 27നാണ് ലഖ്‌നോവിലെ സര്‍ക്കാര്‍ സര്‍വകലാശാലയായ ‘ഡോ. ശകുന്തള മിശ്ര നാഷണല്‍ റീഹാബിലിറ്റേഷന്‍ യൂണിവേഴ്‌സിറ്റി’യില്‍ മൂന്ന് വര്‍ഷത്തേക്ക് വിശ്വേശയെ ലോക്പാലായി (ഓംബുഡ്‌സ്മാന്‍) നിയമിച്ചത്.
വിദ്യാര്‍ഥികളുടെ പരാതികള്‍ തീര്‍പ്പാക്കലാണ് ചുമതല. ആദ്യമായാണ് ഈ തസ്തികയില്‍ നിയമനം നടക്കുന്നത്.ക്ഷേത്ര-മസ്ജിദ് തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ വിധിപറഞ്ഞവര്‍ക്ക് വിരമിച്ച ശേഷം സര്‍ക്കാര്‍ സര്‍വിസില്‍ നിയമനം നല്‍കുന്നതും ഇത് ആദ്യ സംഭവമല്ല. 2021 ഏപ്രിലില്‍ ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ 32 പ്രതികളെ വെറുതെവിട്ട ജില്ലാ ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവിനെ വിരമിച്ച് ഏഴ് മാസത്തിനുള്ളില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തര്‍പ്രദേശ് ഡെപ്യൂട്ടി ലോകായുക്തയായി നിയമിച്ചിരുന്നു. വിരമിക്കുന്നതിന് മുമ്ബുള്ള അവസാന പ്രവൃത്തി ദിനത്തിലായിരുന്നു സുരേന്ദ്ര കുമാര്‍ വിധി പറഞ്ഞത്.
2020 സെപ്തംബര്‍ 30നാണ് മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ. അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍ സിങ് തുടങ്ങി ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ പ്രത്യേക സിബിഐ കോടതി ജഡ്ജിയായ സുരേന്ദ്ര കുമാര്‍ യാദവ് വെറുതെ വിട്ടത്. 1992 ഡിസംബര്‍ 6ന് ബാബരി പള്ളി തകര്‍ത്ത കേസില്‍ വിശ്വസനീയമായ തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ വെറുതെ വിടുന്നുവെന്നായിരുന്നു സംഭവത്തിന് ഏകദേശം 28 വര്‍ഷങ്ങള്‍ക്ക് ശേഷം വന്ന വിധി.