മയ്യഴി: തീവണ്ടി തട്ടി മരിച്ചയാളുടെ മൃതദേഹം എൻജിനില്‍ കുടുങ്ങിയതിനെ തുടർന്ന് ട്രെയിൻ വൈകി. കണ്ണൂർ-എറണാകുളം ഇൻ്റർസിറ്റി എക്സ്പ്രസാണ് മാഹി റെയില്‍വേ സ്റ്റേഷനില്‍ 40 മിനുറ്റോളം നിർത്തിയിടേണ്ടി വന്നത്.
പോലീസെത്താൻ വൈകിയതിനാലാണ് തീവണ്ടി വൈകിയത് വ്യാഴാഴ്ച ഉച്ച തിരിഞ്ഞ് മൂന്നരയോടെയാണ് സംഭവം.
തലശ്ശേരിക്കും മാഹിക്കും ഇടയില്‍ പുന്നോല്‍ കുറിച്ചിയില്‍ റെയില്‍വെ ഗെയിറ്റിന് സമീപത്താണ് അപകടമുണ്ടായത്. സംഭവം നടന്ന സ്ഥലത്ത് നിന്നും മാഹി റെയില്‍വേ സ്റ്റേഷൻ വരെയുള്ള മറ്റ് സ്ഥലങ്ങളില്‍ നിന്ന് മൃതദേഹത്തിന്റെ അവയവ ഭാഗങ്ങള്‍ കണ്ടെത്തി. പിന്നീടാണ് റെയില്‍വേ സ്റ്റേഷനിലെത്തിയ തീവണ്ടിയുടെ എൻജിനില്‍ മൃതദേഹം കുടുങ്ങിക്കിടക്കുന്നതായി സ്റ്റേഷൻ മാസ്റ്റർ കണ്ടത്.
വിവരമറിയിക്കാൻ ചോമ്ബാല പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചെങ്കിലും കിട്ടാത്തതിനാല്‍ പോലീസ് എത്താൻ വൈകി. ഇതാണ് തീവണ്ടി കൂടുതല്‍ സമയം നിർത്തിയിടാൻ കാരണമായത്. മാഹി അഗ്നിരക്ഷാ സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം മാഹി ഗവ. ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.