മലബാർ ഹൈറേഞ്ചിൻ്റെ പശ്ചാത്തലത്തിൽ, പ്രായമായ മാതാവും മൂത്ത മകനും തമ്മിലുള്ള ആത്മ ബന്ധത്തിൻ്റെ വൈകാരിക മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഹൃദയഹാരിയയ കുടുംബ ചിത്രം, ‘മദർ മേരി’ ചിത്രീകരണം തുടങ്ങി.
നവാഗതനായ അത്തിക്ക് റഹ്മാൻവാടിക്കലാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. കൽപ്പറ്റക്കടുത്ത് പിണങ്ങോട് കാവു മന്തം എന്ന സ്ഥലത്ത് അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത ലളിതമായ ചടങ്ങിൽ
തരിയോട് പഞ്ചായത്തു പ്രസിഡൻ്റ് വി.ജി ഷിബുവിൻ്റെ സാന്നിദ്ധ്യത്തിൽ ഫാദർ മാത്യു മുക്കാട്ടുകാവുങ്കൽ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചുകൊണ്ടാണ് ചിത്രീകരണം ആരംഭിച്ചത്.
നൗഷാദ് ആലത്തൂർ, സംവിധായകൻ ശരത്ചന്ദ്രൻ വയനാട് എന്നിവർ ചേർന്ന് സംവിധായകൻ റഹ്മാന് തിരക്കഥ കൈമാറി.
പ്രശസ്ത നടി പി.എം ലാലി ആദ്യ രംഗത്തിൽ അഭിനയിച്ചു.
കുമ്പളങ്ങി നൈറ്റ്സിലൂടെ രംഗത്തെത്തിയ ലാലി പിന്നീട് മോഹൻകുമാർ ഫാൻസ്, രണ്ടായാരത്തി പതിനെട്ട്, മാംഗോ മുറി, തുടങ്ങി ഇരുപതോളം സിനിമകളിൽ അഭിനയിച്ചു.
സാധാരണ അമ്മയും മകനും തമ്മിലുള്ള ആത്മബന്ധം അവതരിപ്പിക്കുന്നത്, അമ്മയും ഒരു ചെറിയ കുട്ടിയും തമ്മിലുള്ള സ്നേഹ വായ്പിലൂടെയാണ്.
ഇവിടെ പ്രായമുള്ള ഒരമ്മയും മുതിർന്ന ഒരു മകനും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥയാണ് പറയുന്നത്.
ഓർമ്മക്കുറവും, വാർദ്ധക്യസഹജമായ അസുഖങ്ങളും മൂലം വിഷമിക്കുന്ന അമ്മച്ചി ഒറ്റപ്പെട്ടതോടെ സ്വന്തം ഭാര്യ ഉപേക്ഷിച്ചു പോയപ്പോൾ തനിക്കേറ്റവും പ്രിയപ്പെട്ട അമ്മച്ചിയെ രക്ഷിക്കാനായി അമേരിക്കയിലെ ഉയർന്ന ജോലിയും മറ്റും ഉപേക്ഷിച്ച് നാട്ടിലെത്തുകയാണ് മകൻ ജയിംസ് .
അമ്മച്ചിയെ രക്ഷിക്കുവാൻ എത്തുന്ന മകൻ പിന്നീട് സ്വന്തം മാതാവിൻ്റെ ശത്രുവായി മാറുന്നു.
സങ്കീർന്നമായ ഈ സ്ഥിതിവിശേഷങ്ങളെ എങ്ങനെ തരണം ചെയ്യുമെന്നതാണ് ഈ ചിത്രമുയർത്തുന്ന കാതലായ വിഷയം.
ഹൃദയഹാരിയായ നിരവധി മുഹൂർത്തങ്ങളിലൂടെ
യാണ് തിരക്കഥാകൃത്ത് ഈ ചിത്രം അവതരിപ്പിക്കുന്നത്.
വിജയ് ബാബുവാണ് മകൻ ജയിംസിനെ അവതരിപ്പിക്കുന്നത്.
വിജയ് ബാബുവും ലാലിയുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാ പാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അനൂപ് മേനോൻ, നവാസ് വള്ളിക്കുന്ന്, അൻസിൽ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു
ഇവർക്കു പുറമേ ഏതാനും പ്രമുഖ താരങ്ങളും, പുതുമുഖങ്ങളും അഭിനയാക്കുന്നു.
കേരളത്തിലെ പ്രമുഖ ചാനലുകളിൽ സംപ്രേഷണം ചെയ്ത ഗൾഫ് റിട്ടേൺസ്, ഒരു നാടൻ മുല്ലപ്പൂ വിപ്ലവം, കുടുംബ സന്ദേശം എന്നീ ഹോം സിനിമകളിലുടെ
ശ്രദ്ധേയനാണ് ഈ ചിത്രത്തിൻ്റെ സംവിധായകൻ അത്തിക്ക് റഹ്മാൻവാടിക്കൽ. ഇതിന് പുറമെ രഹസ്യങ്ങളുടെ താഴ്വര എന്ന
മികച്ച ഒരു ആനിമേഷൻ ചിത്രവും
ഒരുക്കിയിട്ടുണ്ട്.
ഗാനങ്ങൾ- ബാബുവാപ്പാട്, കെ.ജെ. മനോജ്.
സംഗീതം- സന്തോഷ് കുമാർ,
ഛായാഗ്രണം- സുരേഷ് റെഡ് വൺ
എഡിറ്റിംഗ്- ജർഷാജ്
മഷ്റൂം വിഷ്വൽ മീഡിയയുടെ ബാനറിൽ ഫർഹാദ്.കെ.ആനന്ദ്, നൗഷാദ് ആലത്തൂർ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം വയനാട്, കൊച്ചി എന്നിവിടങ്ങളിലായി പൂർത്തിയാകും.
വാഴൂർ ജോസ്.
ഫോട്ടോ -പ്രശാന്ത് കൽപ്പറ്റ