കോട്ടയം: പ്രചരണരംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിച്ച് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ പ്രചാരണം തുടരുന്നു. നിയോജകമണ്ഡലത്തിലെ എല്ലാപ്രദേശങ്ങളിലും ഇതിനോടകം പലവട്ടം സന്ദര്‍ശനം നടത്തിക്കഴിഞ്ഞു. പ്രധാനസ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, പ്രമുഖ വ്യക്തികള്‍ എന്നിവരെ സന്ദര്‍ശിച്ച് പിന്തുണ അഭ്യര്‍ത്ഥിച്ചു.
ബൂത്ത്തല കണ്‍വന്‍ഷനുകളും വാര്‍ഡ് കണ്‍വന്‍ഷനും ജനപങ്കാളിത്തം ഉറപ്പാക്കി നടത്താനുള്ള പരിശ്രമങ്ങളിലാണ് ഇടതുമുന്നണി നേതൃത്വം. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനത്തിന് മുന്‍പുതന്നെ പ്രചരണരംഗം കൊഴുപ്പിക്കാനാണ് ഇടത് നീക്കം. സിപിഎം നേതൃത്വത്തില്‍ കേഡര്‍സ്വഭാവം പൂര്‍ണ്ണമായി ഉറപ്പിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
ഇതിനോടകം പാര്‍ലമെന്റ് മണ്ഡലം മുഴുവനും പോസ്റ്ററുകളിലൂടെ സ്ഥാനാര്‍ത്ഥിയുടെ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ ബോര്‍ഡുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തോമസ് ചാഴികാടന്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നടത്തിയിട്ടുള്ള വികസനപ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനം മാര്‍ച്ച് 2ന് കോട്ടയത്ത് പ്രസ്‌കബ്ലില്‍ നടക്കും.