IndiaNEWS

യാത്രക്കാരൻ ഹൃദയാഘാതം മൂലം മരിച്ചു; എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ

ന്യൂഡല്‍ഹി: വിമാനത്തില്‍ നിന്നിറങ്ങി നടന്നു പോകുന്നതിനിടെ 80-കാരൻ ഹൃദയാഘാതം മൂലം മരണപ്പെട്ട കേസില്‍ എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ.

യാത്രക്കാരൻ വീല്‍ ചെയർ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്നും അതാണ് ഹൃദയാഘാതത്തിന് ഇടയാക്കിയതെന്നുമാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. മുംബൈ ടെർമിനലില്‍ വച്ചായിരുന്നു സംഭവം.

ന്യൂയോർക്കില്‍ നിന്ന് മുംബൈയിലേക്ക് ഭാര്യയ്ക്കൊപ്പം യാത്ര ചെയ്തിരുന്ന ഇന്ത്യൻ- അമെരിക്കൻ വംശജനാണ് മരണപ്പെട്ടത്. വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ഇരുവരും വീല്‍ ചെയർ ആവശ്യപ്പെട്ടിരുന്നു. ഇരുവരും സഞ്ചരിച്ചിരുന്ന വിമാനം രണ്ടേമുക്കാല്‍ മണിക്കൂറുകളോളം വൈകിയാണ് മുംബൈയിലെത്തിയത്.ആ സമയത്ത് വിമാനത്താവളത്തില്‍ ഒരു വീല്‍ ചെയർ മാത്രമേ ലഭ്യമായിരുന്നുള്ളൂ.

Signature-ad

അത് ഭാര്യക്ക് നല്‍കിയ ശേഷം നടന്നു പോകുന്നതിനിടെയാണ് വയോധികന് ഹൃദയാഘാതമുണ്ടായി കുഴഞ്ഞു വീണത്. ഉടന്‌ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവശനിലയില്‍ ഏതാണ്ട് ഒന്നര കിലോമീറ്ററോളം നടക്കേണ്ടി വന്നതായാണ് ഭാര്യ ആരോപിക്കുന്നത്.

വീല്‍ ചെയർ എത്തുന്നതു വരെ കാത്തിരിക്കാൻ യാത്രക്കാരനോട് ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹമത് നിരസിച്ചുവെന്നാണ് എയർ ഇന്ത്യ പറയുന്നത്. സംഭവത്തിനു പിന്നാലെ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഡിജിസിഎക്ക് നോട്ടീസ് അയച്ചിരുന്നു

Back to top button
error: