NEWSPravasi

അഞ്ചു വർഷമായി നിയമതടസ്സങ്ങളില്‍പ്പെട്ട പത്തനംതിട്ട സ്വദേശി ഒടുവിൽ നാടണഞ്ഞു

റിയാദ്: അഞ്ചു വർഷമായി നിയമതടസ്സങ്ങളില്‍പ്പെട്ട് നാട്ടില്‍ പോകാൻ കഴിയാതെ പ്രയാസപ്പെട്ടിരുന്ന പത്തനംതിട്ട സ്വദേശി സുരേന്ദ്ര ബാബു (ബാലൻ) നാടണഞ്ഞു.

ഇന്ത്യൻ കള്‍ചറല്‍ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് ഘടകം പ്രവർത്തകരുടെ ഇടപെടലാണ് തുണയായത്.

ഹൗസ് ഡ്രൈവർ വിസയില്‍ റിയാദിലെത്തിയെങ്കിലും സ്പോണ്‍സറുടെ കീഴില്‍ ജോലിയില്ലാത്തതിനാല്‍ അറാറില്‍ കാർപെൻറർ ജോലി ചെയ്തുകൊണ്ടിരിക്കെ സ്പോണ്‍സർ സുരേന്ദ്രനെ തന്റെ കീഴില്‍നിന്ന് ഒളിച്ചോടിയെന്ന (ഹുറൂബ്) കേസില്‍പ്പെടുത്തുകയായിരുന്നു.

Signature-ad

ഇതറിയാതെ ജോലി തുടർന്ന അദ്ദേഹം ജോലിക്കിടെയുണ്ടായ അപകടത്തില്‍ കൈവിരലുകള്‍ നഷ്ടപ്പെട്ട്‌ ചികിത്സക്ക്‌ ആശുപത്രിയില്‍ എത്തിയപ്പോഴാണ് ഹൂറുബായ വിവരം അറിയുന്നത്‌. ഹുറൂബ്‌ നീക്കാമെന്ന് പറഞ്ഞ്‌ പലരും സുരേന്ദ്രനെ സമീപിച്ച്‌ പണം വാങ്ങിയെങ്കിലും കുരുക്കഴിക്കാനോ ഇഖാമ പുതുക്കാനോ കഴിയാതെ വിഷമിച്ചിരിക്കുകയായിരുന്നു.

ഇതിനിടയില്‍ ഒരു തവണ ഇന്ത്യൻ എംബസി വഴി നാടണയാൻ ശ്രമിച്ചെങ്കിലും സ്പോണ്‍സർ റിയാദില്‍ ആയതിനാല്‍ അറാർ ഏരിയയിലെ തർഹീലില്‍നിന്ന് എക്സിറ്റ്‌ അടിക്കാൻ കഴിഞ്ഞില്ല.

കോഴിക്കോട്‌ മെഡിക്കല്‍ കോളജിലെ നഴ്‌സായ സഹോദരി, കോഴിക്കോട് ജില്ല എസ്‌.വൈ.എസിന്റെ കീഴിലുള്ള ‘സഹായി’ വഴി വിവരം റിയാദ്‌ ഐ.സി.എഫിനെ അറിയിക്കുകയായിരുന്നു. സുരേന്ദ്ര ബാബുവിന്റെ ദുരിതജീവിത വാർത്തയറിഞ്ഞ ഐ.സി.എഫ്‌ പ്രവർത്തകർ, ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് സുരേന്ദ്രനെ റിയാദിലെത്തിച്ചാണ് നാട്ടിലേക്കുള്ള യാത്ര എളുപ്പമാക്കിയത്‌.

Back to top button
error: