ഗവി യാത്രയിലെ പ്രധാന കാഴ്ചകൾ ഇവയാണ്; 47 ഡിപ്പോകളില്‍ നിന്ന് ഗവിയിലേക്ക് പാക്കേജുമായി കെഎസ്‌ആര്‍ടിസി
കെഎസ്‌ആർടിസി വിവിധ ഡിപ്പോകളില്‍ നിന്നായി ദിവസേന ഗവിയിലേക്ക് വിനോദ യാത്ര സംഘടിപ്പിക്കാറുണ്ട്. പ്ലാനിങ്ങോ വലിയ യാത്രാ ചെലവോ ഒന്നുമില്ലാതെ ടിക്കറ്റ് ബുക്ക് ചെയ്ത് കയ്യുംവീശി ഗവിയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് ബജറ്റ് ടൂറിസത്തോളം മികച്ച പാക്കേജ് വേറേയില്ല.
ഏറ്റവും ചെലവ് കുറഞ്ഞ ഗവിയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കുള്ളതാണ് കെഎസ്‌ആർടിസിയുടെ ഗവി ടൂർ പാക്കേജ്. ഗവിയിലേക്കുള്ള വാഹന പ്രവേശനത്തെക്കുറിച്ചോ പ്രവേശന ടിക്കറ്റിനെക്കുറിച്ചോ ഒന്നും ആശങ്കപ്പെടാതെ വളരെ എളുപ്പത്തില്‍ പോയി വരാൻ സാധിക്കുന്നതാണ് ഈ ടൂർ.
കാസർകോഡ് ഒഴികെയുള്ള ജില്ലകളില്‍ നിന്ന് ഗവി പാക്കേജുകള്‍ ലഭ്യമാണ്.കേരളത്തിലെ 57 ഡിപ്പോകളില്‍ നിന്നും ഗവിയിലേക്ക് ബജറ്റ് ടൂർ ഒരുക്കുന്നുണ്ട്.
തിരുവനന്തപുരം സിറ്റി, നെയ്യാറ്റിൻകര, പാപ്പനംകോട്, വിതുര, വെള്ളറട, വെള്ളനാട്, പാറശാല, കിളിമാനൂർ, ആറ്റിങ്ങല്‍, കൊല്ലം, കുളത്തൂപ്പുഴ, കൊട്ടാരക്കര, ചേർത്തല, കരുനാഗപ്പള്ളി, അടൂർ, പുനലൂർ, ചാത്തന്നൂർ, ആര്യങ്കാവ്, പത്തനംതിട്ട, കോന്നി, തിരുവല്ല, ഹരിപ്പാട്, ചെങ്ങന്നൂർ, കായംകുളം, മാവേലിക്കര, ആലപ്പുഴ, ഹരിപ്പാട്, കായംകുളം, ചെങ്ങന്നൂർ, എടത്വാ, പാലാ, കോട്ടയം, വൈക്കം, പൊൻകുന്നം, ചങ്ങനാശേരി, തൊടുപുഴ, കൂത്താട്ടുകുളം, കോതമംഗലം, ചാലക്കുടി, ഇരിഞ്ഞാലക്കുട, നിലമ്ബൂർ, പെരിന്തല്‍മണ്ണ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, താമരശേരി, കണ്ണൂർ എന്നീ ഡിപ്പോകളില്‍ നിന്നാണ് ഗവി പാക്കേജുകള്‍ ലഭിക്കുന്നത്.
ഗവിയിലേക്കുള്ള യാത്ര
ഗവിയിലേക്കുള്ള യാത്ര ആങ്ങമൂഴി മുതൽ പൂർണമായും വനത്തിലൂടെയാണ്. ഗവി കവാടമായ ആങ്ങമൂഴി കൊച്ചാണ്ടിയിൽ കക്കാട്ടാറിലെ കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ ചെറുസവാരിയോടെ ഗവി യാത്രയ്ക്ക് തുടക്കം കുറിക്കാം. ഇവിടെനിന്ന് 500 മീറ്റർ മാറി കൊച്ചാണ്ടിയിലെ വനം ചെക്ക്പോസ്റ്റിൽ യാത്രക്കാരെയും വാഹനങ്ങളും പരിശോധിച്ചാണ് ഗവിയിലേക്ക് കടത്തിവിടുക. ഒരുകിലോമീറ്റർ പിന്നിട്ടു കഴിയുമ്പോൾതന്നെ നിങ്ങളെ റോഡിൽ വരവേൽക്കാൻ ‘ആതിഥേയരു’ണ്ടാകും. ഏതുസമയവും ആനയും പുലിയും കടുവയും കാട്ടുപോത്തുമൊക്കെ വന്നുപെട്ടേക്കാം.പരിഭ്രമിക്കാ
പ്രമുഖ ആന സംരക്ഷണകേന്ദ്രമായ ഗൂഡ്രിക്കൽ വനത്തിലൂടെയാണ് ഗവി യാത്രയുടെ തുടക്കം. പാതയുടെ തുടക്കത്തിൽ വേലുത്തോടിനും മൂഴിയാറിനും മധ്യേ കാട്ടാനയെ കാണാതെ മുന്നോട്ട് പോകാനാകില്ല. നിറഞ്ഞൊഴുകുന്ന കക്കാട്ടാറിന്റെ തീരത്ത് കൂട്ടമായി നിൽക്കുന്ന ആനക്കൂട്ടം, അതല്ലായെങ്കിൽ റോഡിനോടുചേർന്ന ഇടതൂർന്ന ഈറ്റക്കാട്ടിൽ ചെളിയിൽ പൂട്ടിയടിക്കുന്ന ആനകൾ. തുടർന്നെത്തുന്നത് മൂഴിയാറിലേക്ക്. കേരളത്തിലെ രണ്ടാമത്തെ വലിയ ജലവൈദ്യുതി പദ്ധതിയായ ശബരിഗിരിയുടെ ഉത്പാദന നിലയം ഇവിടെയാണ്. തൊട്ടടുത്ത് മൂഴിയാർ ഡാമും ഉണ്ട്. അവിടെയും കാഴ്ചകളേറെയുണ്ട്. പിന്നീട്, മലനിരകൾ ഒന്നായി കയറിയാണ് യാത്ര തുടരുന്നത്.
മൂഴിയാർ നാൽപ്പതേക്കറിലേക്കാണ് പിന്നീട് ചെന്നെത്തുന്നത്. ഇവിടെ ശബരിഗിരി പദ്ധതിയുടെ ഭാഗമായുള്ള വിവിധ നിർമിതികൾ കാണാം. മെല്ലെ വാഹനം മലകയറി തുടങ്ങുന്നതോടെ തണുപ്പിന്റെ കാഠിന്യംകൂടും. നൂൽമഴയ്ക്കും തുടക്കമാകും. കോടമഞ്ഞിന്റെ കട്ടികൂടും. വാൽവ്ഹൗസാണ് അടുത്ത പോയിന്റ്. ശബരിഗിരി പദ്ധതിയിലേക്ക് വൈദ്യുതി ഉത്പാദനത്തിന് വെള്ളമെത്തിക്കുന്ന കൂറ്റൻപൈപ്പുകൾ. ഒരു പ്രത്യേക കാഴ്ചതന്നെയാണ്. അരണമുടിയാണ് അടുത്ത സ്ഥലം. ഇവിടെയെത്തുന്നതോടെ ഹുങ്കാര ശബ്ദത്തോടെ വീശിയടിക്കുന്ന കോടക്കാറ്റ്. ഇവിടെ കാഴ്ചകളെല്ലാം മഞ്ഞിൽ പുതയും. തൊട്ടടുത്ത് നിൽക്കുന്നവർപോലും കാണാമറയത്താകും. പകൽ പോലും വാഹനങ്ങളുടെ ലൈറ്റ് തെളിച്ചുള്ള സഞ്ചാരം. ഇതൊരു പ്രത്യേക സുഖംപകരും. പട്ടാപ്പകൽപോലും കാഴ്ചമറയ്ക്കുന്ന മഞ്ഞും കാറ്റും ഈ മേഖലയുടെ മാത്രം പ്രത്യേകതയാണ്.
കക്കി ഡാമിലേക്കാണ് പിന്നീട് കടന്നുചെല്ലുന്നത്. കേരളത്തിലെ രണ്ടാമത്തെ വലിയ ജലസംഭരണി. മഴ തുടങ്ങിയാൽ പിന്നെ കടൽപോലെ തിരയടിക്കുന്ന വെള്ളത്തിന്റെ ഓളപ്പരപ്പ്. ഡാമിനുള്ളിൽ മുങ്ങിത്താണുകൊണ്ടിരിക്കുന്ന മൊട്ടക്കുന്നുകൾ, അതിലൂടെ ആനകളും മറ്റും നീന്തിത്തുടിക്കുന്ന കാഴ്ചകളും ഭാഗ്യമുണ്ടെങ്കിൽ കാണാം. കാഴ്ചകൾ തീരുന്നില്ല, മൊട്ടക്കുന്നുകൾക്ക് മുകളിലെ വരയാടിൻ കൂട്ടവും കാട്ടുപോത്തുകളും മ്ലാവുകളുമെല്ലാം ഏതോ അത്ഭുതലോകത്ത് എത്തിച്ചോയെന്ന് തോന്നിപ്പിക്കും. ഇക്കോപ്പാറയും മൊട്ടക്കുന്നുകളും പൊന്നാപുരം കോട്ടയും എല്ലാമെല്ലാം ഏറെ ആനന്ദം പകരും. ധാരാളം ചരിത്രങ്ങളും ഇവിടെ ശേഷിക്കുന്നു.
എത്രയോ പഴയകാല സിനിമകളുടെ ഷൂട്ടിങ് നടന്ന സ്ഥലം. ബ്രിട്ടീഷുകാർ നട്ടുപിടിപ്പിച്ച ഫലവൃക്ഷങ്ങൾ നിരവധി. തുടർന്നുള്ള യാത്രയിൽ ആനത്തോട്, കൊച്ചുപമ്പ ഡാമുകളും എർത്ത് ഡാം, തുടങ്ങി ഡാമുകളുടെ നിരതന്നെയുണ്ട്. ശബരിമല ക്ഷേത്രത്തിന്റെ മൂലക്ഷേത്രമായ പൊന്നമ്പലമേടും ഈ പാതയിൽത്തന്നെ. ഇപ്പോളവിടേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമില്ലെന്നുമാത്രം. കൊച്ചുപമ്പയിലുമുണ്ടൊരു കുട്ടവഞ്ചി സവാരികേന്ദ്രം. അങ്ങനെ ഗവി എത്തുംവരെയും കാഴ്ചകളേറെ കാത്തിരിക്കുന്നു.
ഗവിയിലുമുണ്ട് കാഴ്ചകളേറെ. ചെന്താമരകൊക്കയും പഞ്ചാരമണ്ണുമൊക്കെ ഈ വനമേഖലയിലെ അപൂർവ്വ സ്ഥലങ്ങളാണ്. കാഴ്ചകളേറെയാണിവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. അപൂർവയിനം സസ്യങ്ങളും, ജന്തുജാലങ്ങളും എല്ലാം നിറഞ്ഞ പരിസ്ഥിതിലോല മേഖലയാണ് ഗവി. പ്രകൃതി ഒരുക്കിയ ഒരു അപൂർവ ജൈവവൈവിധ്യ സൗന്ദര്യ കലവറ.