IndiaNEWS

സീതേടെ സ്വന്തം അക്ബര്‍; സിംഹങ്ങള്‍ക്ക് പേരിട്ട ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

അഗര്‍ത്തല: പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാര്‍ക്കിലെ സിംഹങ്ങള്‍ക്ക് അക്ബര്‍, സീത എന്ന് പേരിട്ട ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പ്രബിന്‍ ലാല്‍ അഗര്‍വാളിനെതിരെയാണ് ത്രിപുര സര്‍ക്കാര്‍ നടപടിയെടുത്തത്.

മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് കാണിച്ച് വിഎച്ച്പി കല്‍ക്കട്ട ഹൈക്കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് സിംഹങ്ങള്‍ക്ക് പേരിട്ട ഉദ്യോഗസ്ഥനെതിരെ ത്രിപുര സര്‍ക്കാര്‍ നടപടിയെടുത്തത്. 1994 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ അഗര്‍വാള്‍ ത്രിപുരയുടെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനായി സേവനമനുഷ്ഠിക്കുകയായിരുന്നു.

Signature-ad

സിലിഗുരി സഫാരി പാര്‍ക്കിലെ അക്ബര്‍ -സീത സിംഹങ്ങളുടെ പേരിനെ ചൊല്ലിയും അവയെ ഒപ്പം താമസിപ്പിക്കുന്നതിനെ ചൊല്ലിയുമാണ് വിവാദമുണ്ടായത്. അക്ബറിനെ സീത എന്ന സിംഹത്തോടൊപ്പം താമസിപ്പിക്കാനുള്ള വനം വകുപ്പ് നീക്കത്തിനെതിരെ തീവ്ര ഹിന്ദുത്വ സംഘടനയായ വിശ്വ ഹിന്ദു പരിഷത് രംഗത്തെത്തുകയായിരുന്നു. ഇതുസംബന്ധിച്ച് സംസ്ഥാന വനം വകുപ്പിനെയും സഫാരി പാര്‍ക്ക് അധികൃതരെയും എതിര്‍ കക്ഷികളാക്കി കല്‍ക്കട്ട ഹൈകോടതിയുടെ ജല്‍പായ്ഗുരിയിലെ സര്‍ക്യൂട്ട് ബെഞ്ചില്‍ ഹരജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

സിംഹങ്ങള്‍ക്ക് അക്ബര്‍, സീത എന്ന് പേരിട്ടത് ശരിയായില്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി പറഞ്ഞിരുന്നു. വിവാദങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നെന്നും സിംഹങ്ങള്‍ക്ക് മറ്റെന്തെങ്കിലും പേര് നല്‍കണമെന്നും കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു. മൃഗങ്ങള്‍ക്ക് ദൈവത്തിന്റെ പേരാണോ ഇടുന്നതെന്നും സിംഹങ്ങള്‍ക്ക് ദേശീയ നായകന്മാരുടെ പേര് നല്‍കുമോയെന്നും കോടതി ചോദിച്ചു.

എന്നാല്‍ സിംഹങ്ങള്‍ക്ക് ഈ പേരുകള്‍ നല്‍കിയത് ത്രിപുരയാണെന്ന് ബംഗാള്‍ കോടതിയെ അറിയിച്ചു. ഇതിന്റെ രേഖകളും ഹാജരാക്കി. സിംഹങ്ങളുടെ പേര് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും ബംഗാള്‍ സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

ഫെബ്രുവരി 13ന് ത്രിപുരയിലെ സെപാഹിജാല സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നാണ് രണ്ട് സിംഹങ്ങളെയും കൊണ്ടുവന്നത്. ഇവരുടെ പേര് നേരത്തെ തന്നെ സീതയും അക്ബറും ആയിരുന്നുവെന്നും തങ്ങള്‍ അത് മാറ്റിയിട്ടില്ലെന്നും വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. സീതക്ക് അഞ്ചര വയസ്സും അക്ബറിന് ഏഴ് വയസ്സും എട്ട് മാസവുമാണ് പ്രായം. ഇവ രണ്ടും സെപാഹിജാല സുവോളജിക്കല്‍ പാര്‍ക്കിലാണ് ജനിച്ച് വളര്‍ന്നത്. രണ്ടുപേരും ഒരേ ചുറ്റുപാടില്‍ കഴിഞ്ഞതിനാലാണ് ഇവിടേക്ക് ഒരുമിച്ച് കൊണ്ടുവന്നത്.

 

Back to top button
error: