SportsTRENDING

ഗോവയെ രണ്ടിനെതിരേ നാലുഗോളുകള്‍ക്ക് തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്; ജയം രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം 

കൊച്ചി: തങ്ങളെ എഴുതി തള്ളാനാവില്ലെന്ന് ഒരിക്കൽ കൂടി പ്രഖ്യാപിച്ച്‌ വുകുമാനോവിച്ചും സംഘവും. കൊച്ചി ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്ന് നടന്ന മത്സരത്തിൽ  ഗോവയെ രണ്ടിനെതിരേ നാലുഗോളുകള്‍ക്കാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.

 രണ്ടു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം.ആദ്യ പകുതിയില്‍ ഗോവ രണ്ടടിച്ചപ്പോള്‍ രണ്ടാം പകുതിയില്‍ നാലടിച്ച്‌ ബ്ലാസ്റ്റേഴ്സ് തകർപ്പൻ ജയം സ്വന്തമാക്കുകയായിരുന്നു.

Signature-ad

ഡിസംബറിലെ ഐഎസ്‌എൽ ഇടവേളയ്ക്ക് ശേഷം ലീഗില്‍ കളിച്ച കഴിഞ്ഞ മൂന്ന് മത്സരങ്ങളും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. പ്രധാന താരങ്ങള്‍ പരിക്കേറ്റ് പുറത്തായതായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന് വിനയായത്. എന്നാല്‍ ഗോവയ്ക്കെതിരായ ഇന്നത്തെ ജയത്തോടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്താൻ ടീമിനായി.

കൊച്ചി ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ജയം ലക്ഷ്യമിട്ടിറങ്ങിയ ബ്ലാസ്റ്റേഴ്സിനും സംഘത്തിനും തുടക്കത്തില്‍ തിരിച്ചടിയേറ്റു.ഏഴാം മിനിറ്റില്‍ ഗോവ വലകുലുക്കിയതോടെ വുകുമാനോവിച്ചും സംഘവും ഞെട്ടി. ഗോവയ്ക്കായി റോളിങ് ബോർജസാണ് ഗോളടിച്ചത്. തിരിച്ചടിക്കാൻ ബ്ലാസ്റ്റേഴ്സ് മുന്നേറ്റം ശക്തമാക്കിയെങ്കിലും 17-ാം മിനിറ്റില്‍ ഗോവ രണ്ടാം തവണയും ലക്ഷ്യം കണ്ടു. ഇത്തവണ മുഹമ്മദ് യാസിറാണ് ബ്ലാസ്റ്റേഴ്സിന് പ്രഹരമേല്‍പ്പിച്ചത്.

എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചു. 51-ാം മിനിറ്റില്‍ ഉഗ്രൻ ഫ്രീകിക്കിലൂടെ ജപ്പാൻ താരം ഡെയ്സുക് സകായിയാണ് ലക്ഷ്യം കണ്ടത്. സകായിയുടെ ഷോട്ട് പോസ്റ്റില്‍ തട്ടി വലയിലേക്ക് കയറുകയായിരുന്നു.ഇതോടെ മുന്നേറ്റങ്ങള്‍ക്ക് മൂർച്ചകൂട്ടിയ ബ്ലാസ്റ്റേഴ്സ് മത്സരത്തിന്റെ  81-ാം മിനിറ്റില്‍ സമനില നേടി.ലഭിച്ച പെനാല്‍റ്റി ദിമിത്രിയോസ് ഡയമെന്റക്കോസ് വലയിലെത്തിച്ചതോടെ സ്കോർ 2-2 ആയി.

എന്നാല്‍ ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടം അവസാനിച്ചില്ല. അവസാനമിനിറ്റുകളില്‍ എന്തുവിലകൊടുത്തും ജയം നേടാൻ ഗോവൻ ബോക്സില്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ കയറിയിറങ്ങി. ഒടുക്കം 84-ാം മിനിറ്റില്‍ ഡയമെന്റക്കോസ് വീണ്ടും ഗോളടിച്ചു. ഇടതുവിങ്ങില്‍ നിന്ന് മുഹമ്മദ് ഐമന്റെ ക്രോസ് ഗോവൻ ഗോളി അർഷ്ദീപ് സിങ്ങിന് കൈയ്യിലൊതുക്കാനായില്ല. കൈയ്യില്‍ നിന്ന് വഴുതിയ പന്ത് ഡയമെന്റക്കോസ് വലയിലേക്ക് അടിച്ചുകയറ്റി. സ്കോർ 3-2.

ലീഡെടുത്ത ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലേക്ക് ഉള്‍വലിയാതെ മുന്നേറിക്കൊണ്ടിരുന്നു.ഇതിനകം തന്നെ കളി വരുതിയിലാക്കിയ ടീം 88-ാം മിനിറ്റില്‍ നാലാം ഗോളും നേടി. ഇത്തവണ തകർപ്പൻ ഷോട്ടിലൂടെ ഫെഡറിക് ചെർനിച്ചാണ് ഗോള്‍ പട്ടികയില്‍ ഇടം കണ്ടെത്തിയത്. അതോടെ ഗോവൻ പതനം പൂർണമായി.

ജയത്തോടെ പട്ടികയില്‍ നാലാമതെത്താൻ ബ്ലാസ്റ്റേഴ്സിനായി. 16-മത്സരങ്ങളില്‍ നിന്ന് 29-പോയന്റാണ് ടീമിനുള്ളത്.

Back to top button
error: