കോട്ടയം: അയര്‍ക്കുന്നം പഞ്ചായത്തിലെ അമയന്നൂര്‍ ആറാട്ടുകടവില്‍ എംപി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം തോമസ് ചാഴികാടന്‍ എംപി നിര്‍വഹിച്ചു. എംപി ഫണ്ട് ചെറിയ പദ്ധതികള്‍ മുതല്‍ വലിയ പദ്ധതികള്‍ക്ക് വരെ വിനിയോഗിച്ചത് എല്ലാവര്‍ക്കും പ്രയോജനമുണ്ടാകണമെന്ന ലക്ഷ്യത്തോടെയാണെന്ന് എംപി പറഞ്ഞു.
എംപി ഫണ്ടില്‍ നിന്നും 4.75 ലക്ഷം രൂപ ഉപയോഗിച്ചാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. ഇതോടൊപ്പം കോണ്‍ക്രീറ്റിങ് പൂര്‍ത്തീകരിച്ച അമയന്നൂര്‍-വടക്കേനട-ഇടയ്ക്കപ്പടി റോഡിന്റെ ഉദ്ഘാടനവും എംപി നിര്‍വഹിച്ചു. എംപി ഫണ്ടില്‍ നിന്നും 4 ലക്ഷം രൂപയാണ് റോഡ് നിര്‍മ്മാണത്തിന് ഉപയോഗിച്ചത്. അമയന്നൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തിലേക്ക് വേഗം എത്താന്‍ സഹായിക്കുന്ന റോഡുകൂടിയാണിത്.
ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ശ്രീജിത്ത് മാളിയേക്കല്‍ അധ്യക്ഷനായിരുന്നു. കേരള ലാന്റ് ഡവലപ്മെന്റ് കോര്‍പറേഷന്‍ അംഗം ജോസഫ് ചാമക്കാല, ഇപി പത്മനാഭന്‍, ജോസ് കൊറ്റം, ജോസ് കുടകശേരി, ശാന്തി പ്രഭാത, ജോസ് ചൂരനാട്ട്, റെജിമോന്‍ ജേക്കബ്, റെനി വള്ളിക്കുന്നേല്‍,ജിജോ വരിക്കമുണ്ട, ജോമോന്‍ വയലില്‍, അഖില്‍ കുഴിവേലി, അഭിലാഷ് ടികെ, വിന്‍സ് പേരാലുങ്കല്‍, മനീഷ് പൂവത്തിങ്കല്‍, സാബു ചൂരനാനിക്കല്‍, ഗിരീഷ് താഴത്തേല്‍ എന്നിവര്‍ സംസാരിച്ചു.