കോട്ടയം: പൂഞ്ഞാര്‍ സെയ്ന്റ് മേരിസ് ഫൊറോനാ പള്ളി സഹവികാരി ഫാ. ജോസഫ് ആറ്റുച്ചാലിനെ വാഹനം ഇടിപ്പിച്ച കേസില്‍ 27 പേര്‍ അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ മതവിദ്വേഷം പ്രചരിപ്പിച്ച രണ്ടുപേര്‍ക്കെതിരേ കോട്ടയം സൈബര്‍ പോലീസും കേസ് രജിസ്റ്റര്‍ചെയ്തു. വൈദികനെ ആക്രമിച്ചവര്‍ക്കെതിരേ പ്രതിഷേധമുയര്‍ത്തിയ, കണ്ടാല്‍ അറിയാവുന്ന അഞ്ച് പേര്‍ക്കെതിരേയും ഈരാറ്റുപേട്ട പോലീസ് കേസ് എടുത്തു.
വാഹനം ഇടിപ്പിച്ച കേസില്‍ അറസ്റ്റിലായ 27 പേരില്‍ 10 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായവരുടെ പേരുകള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
സാമൂഹിക മാധ്യമങ്ങളിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പുപ്രകാരം കോട്ടയം സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പോലീസിന്റെ നിരീക്ഷണത്തിലാണ്. സാമൂഹിക മാധ്യമങ്ങള്‍ വഴി വിദ്വേഷപരമായ തരത്തില്‍ പോസ്റ്റുകളും, കമന്റുകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് സൈബര്‍ പോലീസ് അറിയിച്ചു. ഈരാറ്റുപേട്ട സ്റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചുവെന്ന പരാതിയിലാണ് പ്രതിഷേധക്കാര്‍ക്കെതിരേ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസ് എടുത്തിരിക്കുന്നത്.