പ്രമോദിന്റെ അക്കൗണ്ടില്‍ നിന്ന് 1,75,000 രൂപയും (7,747 ദിര്‍ഹം) രേവതിയുടെ അക്കൗണ്ടില്‍ നിന്ന് ഒന്നര ലക്ഷത്തോളം രൂപയും (6,500 ദിര്‍ഹം) ആണ് നഷ്ടമായത്.
കഴിഞ്ഞ ഒമ്ബത് വര്‍ഷമായി അബുദാബി അഡ്‌നോകില്‍ ജോലി ചെയ്യുകയാണ് പ്രമോദ്. അബുദാബി ആസ്റ്റര്‍ ആശുപത്രിയില്‍ നഴ്‌സാണ് രേവതി. ഷെയ്ഖ് സായിദ് റോഡരികിലെ മ്യൂസിയം ഓഫ് ദ് ഫ്യൂചര്‍ കാണാന്‍ വേണ്ടി ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് പ്രമോദ് തട്ടിപ്പിനിരയായത്. ഗൂഗിളില്‍ മ്യൂസിയം ഓഫ് ദ് ഫ്യൂചര്‍ വെബ്‌സൈറ്റില്‍ ടിക്കറ്റ് നിരക്ക് പരിശോധിച്ചപ്പോള്‍ ഒരാള്‍ക്ക് 150 ദിര്‍ഹമായിരുന്നു കാണിച്ചത്.
അടുത്തതായി കണ്ട മ്യൂസിയം പ്രമോഷന്‍ എന്ന പേരിലുള്ള വെബ്‌സൈറ്റില്‍ മ്യൂസിയം ഓഫ് ദ് ഫ്യൂചര്‍ അടക്കം ദുബായിലെ മിക്ക വിനോദവിജ്ഞാന കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനത്തിന് 40-50 ശതമാനം വരെ നിരക്കിളവ് കണ്ടതോടെ മറ്റൊന്നും ആലോചിക്കാതെ മ്യൂസിയം ഓഫ് ദ് ഫ്യൂചറിലേയ്ക്കുള്ള രണ്ട് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ പ്രമോദ് ശ്രമിച്ചു. ഇതിന് ആകെ 149 ദിര്‍ഹമായിരുന്നു കാണിച്ചത്.
തുടര്‍ന്ന് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം അടച്ചപ്പോള്‍ മൊബൈലിലേയ്ക്ക് ഒടിപി വരികയും അത് നല്‍കി കുറച്ച് കഴിഞ്ഞപ്പോള്‍ ക്രെഡിറ്റ് അക്കൗണ്ടില്‍ പണമില്ലെന്ന സന്ദേശമാണ് എത്തിയത് എന്നും പ്രമോദ് പറയുന്നു. ഒരിക്കല്‍ കൂടി ശ്രമിച്ചപ്പോള്‍ ലഭിച്ച ഒടിപി നല്‍കിയപ്പോള്‍ ക്രെഡിറ്റ് ബാലന്‍സുണ്ടായിരുന്ന 7,747 ദിര്‍ഹം നഷ്ടപ്പെടുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂറോയിലാണ് പണം പോകുന്നതെന്നാണ് സന്ദേശത്തില്‍ നിന്ന് മനസിലായത് എന്നും പ്രമോദ് പറഞ്ഞു. ഇതോടെ പ്രമോദ് പൊലീസിലും ബാങ്കിലും പരാതി നല്‍കുകയും ചെയ്തു. അപ്രതീക്ഷിതമായി പണം നഷ്ടപ്പെട്ടതിന്റെ ഞെട്ടല്‍ മാറും മുന്‍പെയാണ് രേവതിയുടെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായത്. ദുബായ് പൊലീസ് എന്ന വ്യാജേന വിളിച്ചാണ് രേവതിയില്‍ നിന്ന് പണം തട്ടിയെടുത്തത്.
ഭാര്യയുടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുന്നതായി പ്രമോദിന്റെ ഫോണിലേയ്ക്കും നോട്ടിഫിക്കേഷന്‍ വന്നിരുന്നു. പ്രമോദ് രേവതിയെ ഫോണ്‍ വിളിച്ചെങ്കിലും ആ സമയം തട്ടിപ്പുകാരനോട് സംസാരിച്ചുകൊണ്ടിരുന്നതിനാല്‍ കോള്‍ അറ്റന്‍ഡ് ചെയ്യാനായില്ല.
പിന്നീട് പ്രമോദുമായി ബന്ധപ്പെട്ടപ്പോഴേയ്ക്കും രേവതിയുടെ അക്കൗണ്ടില്‍ നിന്ന് 6,500 ദിര്‍ഹം നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. നഴ്‌സിങ് പഠനത്തിനായി എടുത്ത വായ്പ തിരിച്ചടക്കാന്‍ വേണ്ടി വെച്ച പണമാണ് രേവതിയുടെ കൈയില്‍ നിന്ന് നഷ്ടപ്പെട്ടത്. മുസഫ പൊലീസിലും സൈബര്‍ പൊലീസിലും ബാങ്കിലും രേവതി പരാതി നല്‍കിയിട്ടുണ്ട്. 2023 ഒക്ടോബറിലാണ് രേവതി യുഎഇയിലെത്തിയത്.