സ്നേഹം സ്വാർത്ഥമാകരുത്, വ്യക്തിയെ പരിമിതികളോടുകൂടി സ്നേഹിക്കുക
ഹൃദയത്തിനൊരു ഹിമകണം-24
ഒരാൾ പറയുന്നു, അയാൾക്ക് ആ ചെടിയിലെ ഒരില മാത്രമാണിഷ്ടം. ഒരിലയെ മാത്രമായി എങ്ങനെ സ്നേഹിക്കും?
ആ ഇല ഉൾപ്പെടുന്ന ചില്ല, ആ വൃക്ഷം, അത് നിൽക്കുന്നയിടം, അതൊക്കെ നമ്മൾ ഇഷ്ടപ്പെടും. കുറച്ച് കൂടി വിശാലമായി പറഞ്ഞാൽ ആ വൃക്ഷം കടന്നു പോകുന്ന ഋതുക്കളെ വരെ നമ്മൾ സ്നേഹിക്കണം.
സുഹൃത്തിനെ സ്നേഹിക്കുക എന്നാൽ സുഹൃത്ത് ആവാഹിച്ചു നിൽക്കുന്ന എല്ലാറ്റിനേയും സ്നേഹിക്കുക എന്ന് കൂടിയല്ലേ? അപ്പോൾ ഒരാളെ സ്നേഹിക്കുക എന്നതിനർത്ഥം അയാളുടെ ഇല്ലായ്‌മകളെക്കൂടി സ്നേഹിക്കുക എന്നാണ്.
പക്ഷെ അതല്ല കണ്ടുവരുന്നത്. ഭാര്യയുടെ സൗന്ദര്യം മാത്രം സ്നേഹിക്കുക; ഭർത്താവിന്റെ ഉദ്യോഗത്തെ മാത്രം സ്നേഹിക്കുക; മക്കളുടെ ഭാവിസാധ്യതകളെ സ്വപ്‍നം കണ്ട് അവരെ സ്നേഹിക്കുക; സുഹൃത്തിന്റെ ഉപകാരം ചെയ്യാനുള്ള ഉദാരതയെ തെരഞ്ഞു പിടിച്ച് സ്നേഹിക്കുക. നമുക്കിഷ്ടപ്പെട്ടത് മാത്രം വിളമ്പിത്തരാൻ അവർ ഫാക്ടറികളല്ലല്ലോ, മനുഷ്യരല്ലേ, നമ്മെപ്പോലെ…!
അവതാരക: ലിനി ഡേവീസ്
സമ്പാദകൻ: സുനിൽ കെ ചെറിയാൻ