തിരുവല്ല കാവുംഭാഗത്തുനിന്നു കാണാതായ 9-ാം ക്ലാസുകാരി തിരിച്ചെത്തി. ഇന്ന് (ഞായർ) പുലർച്ചെ നാലരയോടെ പെൺകുട്ടി തിരുവല്ല പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. കുട്ടിയെ സ്റ്റേഷനിലാക്കി മുങ്ങിയ രണ്ടു യുവാക്കളെയും പൊലീസ് പിടികൂടി. തൃശൂർ സ്വദേശികളായ അതുലും അജിലുമാണ് പിടിയിലായത്. ഒരാളെ പൊലീസ് പിന്തുടർന്ന് ബസിൽ നിന്നും പിടികൂടുകയായിരുന്നു.
വെള്ളിയാഴ്ച മുതലാണ് 14 കാരിയായ വിദ്യാർഥിനിയെ കാണാതായത്. തിരുവല്ല മാർത്തോമ്മാ റസിഡൻഷ്യൽ സ്കൂൾ വിദ്യാർഥിനിയായ പെൺകുട്ടി രാവിലെ സ്കൂളിലേക്ക് എന്നു പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. പിന്നീടു കാണാതാവുകയായിരുന്നു. ഉച്ചയായിട്ടും വീട്ടിലെത്താത്തതിനെ തുടർന്ന് കുട്ടിയടെ അമ്മ സ്കൂളിലും പിന്നീട് ട്യൂഷൻ ക്ലാസിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു. രണ്ട് ആൺകുട്ടികൾക്കൊപ്പം പെൺകുട്ടി സംസാരിച്ചു നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. വെള്ളയിൽ കറുത്ത പുള്ളികളുള്ള ഷർട്ട് ധരിച്ച രണ്ടുപേരാണ് പെൺകുട്ടിയെ ബസ് സ്റ്റാൻഡിൽനിന്നു കൊണ്ടുപോയതെന്ന് പൊലീസിനു വിവരം ലഭിച്ചു. പെൺകുട്ടി ബസ് സ്റ്റാൻഡിൽ വച്ച് യൂണിഫോം മാറ്റി പുതിയ വസ്ത്രം ധരിച്ചാണ് ഇവർക്കൊപ്പം പോയതെന്നും വ്യക്തമായി.
ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്താനാകാത്ത സാഹചര്യത്തിൽ ചിത്രം ഉൾപ്പെടെ പുറത്തുവിട്ട് പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിയിരുന്നു. ബസിൽ നിന്നുള്ള ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. യുവാക്കളുടെ ചിത്രവും പൊലീസ് പുറത്തുവിട്ടു. ഇതിനു പിന്നാലെയാണ് പെൺകുട്ടിയെ യുവാക്കൾ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്.