KeralaNEWS

എല്ലാ ജില്ലകളിലും ആശുപത്രി;ആസ്റ്റര്‍ കേരളത്തില്‍ ₹1,000 കോടി നിക്ഷേപമൊഴുക്കും

പ്രമുഖ പ്രവാസി മലയാളിയായ ഡോ.ആസാദ് മൂപ്പന്‍ നേതൃത്വം നല്‍കുന്ന ആരോഗ്യ സേവന ശൃംഖലയായ ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരളത്തില്‍ വന്‍വിപുലീകരണ പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങുന്നു.

ഗള്‍ഫ് ബിസിനസ് വേര്‍പെടുത്തിയ ആസ്റ്റര്‍ ഇന്ത്യയിലെ ബിസിനസില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിലും വിപുലീകരണത്തിനൊരുങ്ങുന്നത്.

Signature-ad

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ മൂവായിരത്തിലേറെ രോഗികളെ ഒരേസമയം കിടത്തി ചികില്‍സിക്കാന്‍ കഴിയുന്ന തരത്തില്‍ ആശുപത്രികള്‍ വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്നതായി ആസ്റ്റര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.

കേരളത്തിലെ പുതിയ വികസനപദ്ധതികള്‍ക്കായി 1,000 കോടി രൂപയുടെ നിക്ഷേപമാണ് ആസ്റ്റര്‍ നീക്കിവയ്ക്കുന്നത്.2025ല്‍ 350 കിടക്കകളുള്ള പുതിയ ആസ്റ്റര്‍ ഹോസ്പിറ്റല്‍ കാസര്‍ഗോഡ് പ്രവര്‍ത്തനം തുടങ്ങും. തിരുവനന്തപുരത്ത് നിര്‍മിച്ചു വരുന്ന ആശുപത്രിയില്‍ 500 കിടക്കകളും ഉണ്ടായിരിക്കും. 2026ല്‍ ഇത് പ്രവര്‍ത്തനമാരംഭിക്കും. കൂടാതെ കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലും കണ്ണൂരും കോഴിക്കോടും കോട്ടയ്ക്കലുമുള്ള ആസ്റ്റര്‍ മിംസ് ആശുപത്രികളിലും 100 കിടക്കകള്‍ വീതം കൂടുതലായി ഉള്‍പ്പെടുത്തുമെന്നും ഫര്‍ഹാന്‍ വ്യക്തമാക്കി.

കേരളത്തില്‍ മാത്രം ആസ്റ്റര്‍ ഹോസ്പിറ്റല്‍സിലൂടെ ആരോഗ്യസേവന രംഗത്ത് അയ്യായിരം തൊഴിലവസരങ്ങള്‍ ലഭ്യമാകും. നിലവില്‍ വിവിധ വിഭാഗങ്ങളിലായി 15,000 ലധികം പേര്‍ കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളില്‍ ജോലി ചെയ്യുന്നുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സാന്നിധ്യമുറപ്പിക്കുന്നതിനുള്ള ശ്രമങ്ങളും ആസ്റ്റര്‍ തുടങ്ങിക്കഴിഞ്ഞു.

Back to top button
error: