ചെന്നൈ: തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ അണ്ണാഡിഎംകെ മുന്‍ നേതാവിനെതിരെ നടി തൃഷ നിയമനടപടി ആരംഭിച്ചു. നോട്ടിസ് ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ തമിഴ്, ഇംഗ്ലിഷ് പത്രങ്ങളില്‍ നിരുപാധിക ക്ഷമാപണം പ്രസിദ്ധീകരിക്കണം. കൂടാതെ, ടിവി ചാനലുകളിലും യുട്യൂബ് ചാനലുകളിലും ക്ഷമാപണ വീഡിയോ പോസ്റ്റ് ചെയ്യണമെന്നുമാണു സേലം വെസ്റ്റ് യൂണിയന്‍ മുന്‍ സെക്രട്ടറി എ.വി.രാജുവിന് അയച്ച നോട്ടിസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ക്ഷമാപണം നടത്തിയില്ലെങ്കില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
പ്രശസ്തിക്കു വേണ്ടി ഇത്തരത്തിലുള്ള തരംതാണ പ്രസ്താവന നടത്തുന്നവരെ കാണുന്നതു പോലും അറപ്പുളവാക്കുന്നുവെന്നും രാജുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തൃഷ വ്യക്തമാക്കി. പ്രസ്താവന വിവാദമായതോടെ രാജു തന്റെ സമൂഹമാധ്യമത്തിലൂടെ മാപ്പു പറഞ്ഞെങ്കിലും ഇത് അംഗീകരിക്കാതെയാണു തൃഷ നിയമനടപടി ആരംഭിച്ചത്.