KeralaNEWS

13 കാരി തിരുവനന്തപുരം പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ ടോയ്‌ലറ്റില്‍ മരിച്ചത് തുടര്‍ച്ചയായ പീഢനം മൂലം; കേസ് സിബിഐക്ക് വിട്ട് കോടതി

തിരുവനന്തപുരം:13 കാരി പൊലീസ് ക്വാർട്ടേഴ്‌സിലെ ടോയ്‌ലെറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം തുടർച്ചയായ പീഢനത്തിനൊടുവിലെന്ന് കണ്ടെത്തല്‍.

കുട്ടി തുടർച്ചയായി പീഡനത്തിന് ഇരയായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ തെളിഞ്ഞതിനെ തുടർന്ന് സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു.

2023 മാർച്ച്‌ 29 നാണ് പെണ്‍കുട്ടിയെ പൊലീസ് ക്വാർട്ടേഴ്‌സിലെ ടോയ്‌ലെറ്റില്‍ അബോധാവസ്ഥയില്‍ കണ്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

രക്ഷിതാക്കള്‍ക്കൊപ്പമാണ് പൊലീസ് ക്വാർട്ടേഴ്‌സില്‍ പെണ്‍കുട്ടി താമസിച്ചിരുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പെണ്‍കുട്ടി തുടർച്ചയായി പീഡനത്തിന് ഇരയായെന്ന് തെളിഞ്ഞിരുന്നു.അതേസമയം മ്യൂസിയം പൊലീസ് എട്ടുമാസത്തോളം അന്വേഷിച്ചിട്ടും പ്രതികളെ കണ്ടെത്താനായിരുന്നില്ല. ഇതോടെയാണ് കുട്ടിയുടെ അമ്മ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയിലെത്തിയത്.

കുട്ടിയുടെ അമ്മയുടെ ആവശ്യം ന്യായമെന്ന് നിരീക്ഷിച്ച കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

Back to top button
error: