കൊച്ചി: കതൃക്കടവ് ഇടശേരി ബാറിൽ ജീവനക്കാരെ വെടിവച്ച് പരിക്കേൽപ്പിച്ച കേസിലെ മുഖ്യപ്രതിയും സഹായിയും പിടിയിൽ.അങ്കമാലി പാറക്കടവ് പുളിയനം കോടുശേരി ചീരോത്തുവീട്ടിൽ വിനീതിനെയാണ് (കോമ്പാറ വിനീത് – 37) ആലുവയിൽനിന്ന് സെൻട്രൽ പൊലീസ് പിടികൂടിയത്.
വെടിവയ്ക്കാൻ ഉപയോഗിച്ചതുൾപ്പെടെ രണ്ട് തോക്കുകളും വീട്ടിൽനിന്ന് പിടിച്ചെടുത്തു.തോക്കുകൾ തിരനിറച്ച നിലയിലായിരുന്നു.പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ച കാസർകോട് സ്വദേശി ജുനിൽ രാജുവിനെ (24) ചെന്നൈയിൽനിന്നാണ് പിടികൂടിയത്.
ഇതോടെ കേസിൽ അറസ്റ്റിലായവർ പതിനഞ്ചായി.കഴിഞ്ഞ 11നായിരുന്നു കേസിനാസ്പദമായ സംഭവം.ബാർ അടച്ചശേഷം സംഘം മദ്യം ആവശ്യപ്പെട്ടതിലുള്ള തർക്കമാണ് വെടിവയ്പ്പിൽ കലാശിച്ചത്.