KeralaNEWS

സംസ്ഥാന സർക്കാരിന്റെ ഫിഫ്റ്റി ഫിഫ്റ്റി നറുക്കെടുപ്പില്‍ ഒന്നാംസമ്മാനം തമിഴ്നാട് സ്വദേശിക്ക്

ഇടുക്കി: സംസ്ഥാന സർക്കാരിന്റെ ഫിഫ്റ്റി ഫിഫ്റ്റി നറുക്കെടുപ്പില്‍ ഒന്നാംസമ്മാനമായ ഒരു കോടി രൂപ തമിഴ്നാട് സ്വദേശിക്ക്.

ഗുണ്ടള പുതുക്കടി ഡിവിഷനിലെ ഒരു സ്വകാര്യ റിസോർട്ടിൽ ജീവനക്കാരനായ പരമശിവൻ(45) 245 അംഗ പദയാത്ര സംഘത്തിനൊപ്പം പഴനിലേക്ക് പോകാനാണ് ബുധനാഴ്ച രാവിലെ മൂന്നാറില്‍ എത്തിയത്.

മക്കളായ ഭരത്തും രഞ്ജിത്തും ഒപ്പമുണ്ടായിരുന്നു. മൂന്നാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍നിന്ന് തുടങ്ങിയ യാത്ര രണ്ട് കിലോമീറ്റർ അപ്പുറമുള്ള പെരിയവരയില്‍ എത്തിയപ്പോള്‍ ഒരു കടയില്‍ ചായ കുടിക്കാൻ കയറിയപ്പോഴാണ് ലോട്ടറി വാങ്ങിയത്. വീണ്ടും യാത്ര തുടർന്നു.

വൈകീട്ട് ആറോടെ മറയൂരില്‍ എത്തിയപ്പോഴാണ് ലോട്ടറി അടിച്ച വിവരം അറിയുന്നത്. ടിക്കറ്റ് സുരക്ഷിതമായ സ്ഥലത്ത് ഏല്പിച്ചശേഷം യാത്ര തുടർന്നു. വെള്ളിയാഴ്ച രാത്രി പഴനിയില്‍ എത്തുന്ന സംഘം ശനിയാഴ്ച പുലർച്ചെ ക്ഷേത്രദർശനം നടത്തി മൂന്നാറില്‍ തിരിച്ചുവരും.

പരമശിവന് വീടില്ല. ഈ പണംകൊണ്ട് വീട് വെക്കണമെന്നാണ് ആഗ്രഹം. ഭാര്യ: ശാന്തി നിശ (മണി). മൂത്ത മകൻ ഭരത് ലോറി ഡ്രൈവറാണ്. ഇളയമകൻ രഞ്ജിത് കോയമ്ബത്തൂർ എൻജിനിയറിങ് കോളേജിലെ വിദ്യാർഥിയാണ്. മകള്‍ മാലിനി രാജപാളയത്തില്‍ ഒൻപതാം ക്ലാസില്‍ പഠിക്കുന്നു.

Back to top button
error: