സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്നും പട്യാലയിലെ രജീന്ദ്ര ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് എച്ച് എസ് രേഖി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, കര്‍ഷകര്‍ കൊല്ലപ്പെട്ടു എന്നത് വ്യാജ പ്രചാരണമാണ് എന്നാണ് ഹരിയാന പോലീസ് പറയുന്നത്. രണ്ടു പോലീസുകാര്‍ക്കും ഒരു കര്‍ഷകനും പരിക്കേറ്റു എന്നാണ് പോലീസ് വാദം.
ഇന്ന് രാവിലെ മുതല്‍ ശംഭു അതിര്‍ത്തിയില്‍ പോലീസും കര്‍ഷകരും തമ്മില്‍ വലിയ തോതിലുള്ള സംഘര്‍ഷമാണ് നടക്കുന്നത്. കര്‍ഷകരെ പിരിച്ചുവിടാനായി പോലീസ് നിരന്തരം കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തി ചാര്‍ജ് നടത്തുകയും ചെയ്തു. ലാത്തി ചാര്‍ജില്‍ നിന്ന് രക്ഷപ്പെടാനായി പാടങ്ങളിലേക്കിറങ്ങിയ കര്‍ഷകര്‍, കല്ലും വടികളുമായി തിരിച്ച് പോലീസിനെ നേരിട്ടു.
കര്‍ഷകരെയോ അവരുടെ വാഹനങ്ങളയോ ഡല്‍ഹിയിലേക്ക് പ്രവേശിപ്പിക്കരുതെന്ന കര്‍ശന നിര്‍ദേശമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്നത്. 30,000 ടിയര്‍ ഗ്യാസ് ഷെല്ലുകളാണ് കര്‍ഷകരെ നേരിടാനായി ഡല്‍ഹി പോലീസ് ശേഖരിച്ചിരിക്കുന്നത്. തിക്രി, സിംഗു, ഗാസിപൂര്‍ അതിര്‍ത്തികളിലാണ് ഡല്‍ഹി പോലീസിന്റെ നേതൃത്വത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുന്നത്.
എന്നാല്‍ ഡല്‍ഹിയിലേക്ക് സാമാധാനപരമായി നീങ്ങാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാള്‍ പറഞ്ഞു. ബാരിക്കേഡുകള്‍ നീക്കം ചെയ്ത് മുന്നോട്ട് പോകാനുള്ള അനുവാദം നല്‍കണമെന്ന് ജഗ്ജിത് ആവശ്യപ്പെട്ടു. സമാധാനം തകര്‍ക്കാനുള്ള ഒരു ഉദ്ദേശ്യവും തങ്ങള്‍ക്കില്ല. കര്‍ഷകര്‍ക്ക് അനുകൂലമായ തീരുമാനം സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും ജഗ്ജിത് പറഞ്ഞു. മാര്‍ച്ച് തടയാനുള്ള കേന്ദ്ര നീക്കങ്ങളെ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.