KeralaNEWS

വാഗമണ്ണിലുണ്ടായ വാഹനാപകടത്തിൽ ബീഹാർ സ്വദേശിനിയായ വീട്ടമ്മ മരിച്ചു

ഇടുക്കി: വാഗമണ്ണിലുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു.വാഗമണ്‍ ഉണ്ണിച്ചെടിക്കാടിനു സമീപം മീൻമുട്ടി പാലത്തില്‍ ഉണ്ടായ ബൈക്കപകടത്തിലാണ് ഭർത്താവിനൊപ്പം  സഞ്ചരിച്ചിരുന്ന വീട്ടമ്മ മരിച്ചത്.

ബീഹാർ പാറ്റ്ന സ്വദേശികളായ കൃഷ്ണകുമാറും ഭാര്യയും ഒന്പതു വയസുള്ള മകനുമായിരുന്നു ബൈക്കില്‍ ഉണ്ടായിരുന്നത്. കൃഷ്ണകുമാറിന്‍റെ ഭാര്യ ദീപയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കൃഷ്ണകുമാറും മകനും കോട്ടയം മെഡിക്കല്‍ കോളജില്‍ അത്യാസന്ന വിഭാഗത്തില്‍ ചികിത്സയിലാണ്.

Signature-ad

ഇന്നലെ രാവിലെ പത്തിനായിരുന്നു അപകടം. വാഗമണ്‍ സന്ദർശിച്ച ശേഷം ബൈക്കില്‍ മടങ്ങുംവഴി വാഗമണ്‍ വളകോട് റോഡിലെ മീൻമുട്ടി പാലത്തില്‍ വച്ച്‌ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് പാലത്തിന്‍റെ കൈവരിയില്‍ ഇടിച്ച്‌  20 അടി താഴ്ചയിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

ഉടൻതന്നെ ഓടിക്കൂടിയ നാട്ടുകാരും വാഹന യാത്രികരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങള്‍ നടത്തിയത്. ആദ്യം വാഗമണ്ണിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്കുകള്‍ ഗുരുതരമായതിനാല്‍ കോട്ടയത്തേക്ക് കൊണ്ടുപോകുകയുമായിരുന്നു. കൃഷ്ണകുമാർ എറണകുളത്ത് റെയില്‍വേ ജീവനക്കാരനാണ്. വാഗമണ്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: