ഫാൻസി നമ്പർ ബുക്ക് ചെയ്യുന്നതിനും, ബോഡി കെട്ടുന്നതിനും, മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്യുന്നതിനും മറ്റുമായി പുതിയ വാഹനങ്ങൾ ഡീലർഷിപ്പിൽ നിന്നും താൽക്കാലിക റജിസ്ട്രേഷൻ നമ്പർ ( Temporary Registration Number) നേടി ഡെലിവറി എടുക്കുന്നുണ്ട്.
ഇത്തരം താൽക്കാലിക നമ്പറുകൾ മഞ്ഞ പ്രതലത്തിൽ ചുവപ്പ് അക്കത്തിൽ ആയിരിക്കും. എന്നാൽ ഈ നമ്പർ കടലാസിൽ എഴുതിയും, സ്റ്റിക്കർ ഒട്ടിച്ചും മറ്റും വാഹനം ഡെലിവറി എടുക്കുന്നതായി കാണുന്നു. മറ്റ് റോഡ് ഉപയോക്താക്കൾക്കും പൊതുജനങ്ങൾക്കും ഒരു വാഹനത്തെ തിരിച്ചറിയാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകമായ വാഹന നമ്പർ വ്യക്തമായും കൃത്യമായും പ്രദർശിപ്പിക്കണം.
വാഹനം അപകടത്തിൽപെട്ടാലോ അല്ലെങ്കിൽ ഒരു അപകടമുണ്ടാക്കി നിർത്താതെ ഓടിച്ച് പോയാൽ വാഹനത്തിനെ തിരിച്ചറിയണമെങ്കിൽ വ്യക്തമായി വായിക്കാൻ പറ്റുന്നതരത്തിലുള്ള നമ്പർ പ്ലേറ്റ് ആയിരിക്കണം. കൂടാതെ ഇപ്പോൾ നമ്മുടെ ഇഷ്ട നമ്പറുകൾ ലഭിക്കുന്നതിനായി താൽക്കാലിക നമ്പർ എടുത്ത് കൊണ്ട് നിരവധി വാഹനങ്ങൾ നിരത്തിലുണ്ട്. വ്യക്തമായ രീതിയിൽ നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കാതെ വാഹനം ഓടിച്ചാൽ അത് ശിക്ഷാർഹമായ കുറ്റകൃത്യമാണ്.
കേന്ദ്ര മോട്ടോർ വാഹന ചട്ടം 53 C പ്രകാരം താൽക്കാലിക നമ്പർ വാഹനത്തിൻ്റെ പിറകിലും മുമ്പിലും നമ്പർ പ്ലേറ്റിൽ ഘടിപ്പിച്ചിട്ടുണ്ടെന്ന് വാഹനം ഷോറൂമിൽ നിന്നു ഡെലിവറി എടുക്കുന്നതിന് മുമ്പ് ശ്രദ്ധിക്കുമല്ലോ?
#temporaryregistration
#fancynumber
#numberplate
#registrationplate