
ലക്‌നൗ: ചമ്പല്‍ കൊള്ളക്കാരി ഫൂലന്‍ദേവിയും സംഘവും ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ 20 മേല്‍ജാതിക്കാരെ വെടിവച്ചുകൊന്ന കേസില്‍ 43 വര്‍ഷത്തിനുശേഷം വിചാരണക്കോടതി ശിക്ഷ വിധിച്ചു. 1981 ഫെബ്രുവരി 14ന് ദേഹത്തിലെ ബെഹ്‌മായ് ഗ്രാമത്തില്‍ നടന്ന, രാജ്യത്തെ നടുക്കിയ ഈ കൂട്ടക്കൊലയുടെ പേരില്‍ അന്നത്തെ യുപി മുഖ്യമന്ത്രി വി.പി.സിങ് രാജിവച്ചിരുന്നു.
കേസില്‍ ജീവിച്ചിരിപ്പുള്ള 2 പ്രതികളിലൊരാളായ ശ്യാം ബാബുവിന് ജീവപര്യന്തം തടവാണ് അഡീഷനല്‍ ജില്ലാ ജഡ്ജി അമിത് മാളവ്യ ശിക്ഷ വിധിച്ചത്. മറ്റൊരു പ്രതി വിശ്വനാഥനെ തെളിവുകളില്ലാത്തതിനാല്‍ വിട്ടയച്ചു. വേറൊരു പ്രതി മാന്‍സിങ് ഒളിവിലാണെന്നാണ് രേഖകളെങ്കിലും ഇയാള്‍ ജീവിച്ചിരിപ്പുണ്ടോയെന്ന് വ്യക്തമല്ല.
ഠാക്കൂര്‍ സമുദായക്കാരായ 2 പേര്‍ തന്നെ ബലാത്സംഗം ചെയ്തതിനു പ്രതികാരമായാണ് ഫൂലനും സംഘവും യമുനാ നദിയുടെ തീരത്തുള്ള ബെഹ്‌മായ് ഗ്രാമത്തില്‍ കടന്നുകയറി കൂട്ടക്കൊല നടത്തിയത്. മരിച്ചവരില്‍ 17 പേര്‍ ഠാക്കൂര്‍മാരായിരുന്നു. ഇവരെ യമുനയുടെ കരയില്‍ നിരത്തിനിര്‍ത്തിയാണ് വെടിവച്ചുവീഴ്ത്തിയത്.
പിന്നീടു കീഴടങ്ങുകയും രാഷ്ട്രീയത്തില്‍ പ്രവേശിച്ച് 2 തവണ ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഫൂലനെ 2001 ജൂലൈ 25ന് 37ാം വയസ്സില്‍ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയുടെ മുറ്റത്തുവച്ച് എതിരാളികള്‍ വെടിവച്ചുകൊന്നു. പാര്‍ലമെന്റ് സമ്മേളനത്തിനിടെ ഉച്ചഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം.






