മുംബൈ: നാഗ്പുർ-ഗോവ ശക്തിപീഠ് അതിവേഗപാത നിർമാണത്തിന് മഹാരാഷ്ട്രസർക്കാർ അനുമതി നല്കി. മഹാരാഷ്ട്രയിലെ 10 ജില്ലകളെയും നോർത്ത് ഗോവയിലെ പത്രാദേവി ജില്ലയെയും ബന്ധിപ്പിക്കുന്ന 760 കിലോമീറ്റർ ദൈർഘ്യമുള്ള ആറുവരിപ്പാതയാണിത്.
പാത യാഥാർഥ്യമാകുന്നതോടെ നാഗ്പുർ-ഗോവ യാത്രാസമയം എട്ടുമണിക്കൂറായി ചുരുങ്ങും. നിലവില്‍ ഇത് 20 മണിക്കൂറാണ്. 83,600 കോടിരൂപയാണ് പ്രതീക്ഷിത ചെലവ്. ഭൂമിയേറ്റെടുക്കല്‍ വൈകാതെയാരംഭിക്കും. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡിവലപ്മെന്റ് കോർപ്പറേഷനാണ് (എം.എസ്.ആർ.ഡി.സി.) നിർമാണച്ചുമതല. 2029-ല്‍ പൂർത്തീകരിക്കും.
വിനോദസഞ്ചാരമേഖലയ്ക്കും അതിവേഗപ്പാത പുത്തനുണർവാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. കോലാപുർ ജില്ലയിലെ പ്രധാന പുണ്യസ്ഥലങ്ങളെ ബന്ധിപ്പിച്ചാണ് പാതയുടെ നിർമാണം. ഇക്കോ ടൂറിസം, ജംഗിള്‍ ടൂറിസം എന്നിവയും പദ്ധതിയുടെ ഭാഗമാകും. നാഗ്പുർ-മുംബൈ സമൃദ്ധി മഹാമാർഗ് അതിവേഗപാതയില്‍ ഉള്‍പ്പെടാത്ത വിദർഭ, മറാത്ത്വാഡ, പടിഞ്ഞാറൻ മഹാരാഷ്ട്ര ഭാഗങ്ങള്‍ എന്നിവ പുതിയ പാതയുടെ ഭാഗമാകും.