തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃശ്ശൂരിന് കേന്ദ്രമന്ത്രി എന്ന പ്രചാരണവുമായി ബിജെപി.
‘തൃശ്ശൂരിന് കേന്ദ്രമന്ത്രി മോദിയുടെ ഗ്യാരണ്ടി’ എന്ന മുദ്രാവാക്യം ഉയർത്തി തൃശൂരില്‍ വ്യാപക ചുമരെഴുത്തുകളാണ് നടക്കുന്നത്.
മണലൂർ മണ്ഡലത്തില്‍ മാത്രം പത്തിടങ്ങളിലധികം ചുവരെഴുതിയിട്ടുണ്ട്. സ്ഥാനാർത്ഥിയുടെ പേര് എഴുതാതെയാണ് ചുവരെഴുത്തുകള്‍.
തൃശ്ശൂരില്‍ ആരു മത്സരിച്ച് വിജയിച്ചാലും കേന്ദ്രമന്ത്രി സ്ഥാനം ഉറപ്പെന്ന് ബിജെപി മണലൂർ മണ്ഡലം കമ്മിറ്റി പറയുന്നത്. തൃശൂർ ലോക്‌സഭ മണ്ഡലത്തിലെ 15 കേന്ദ്രങ്ങളില്‍ മതിലുകളില്‍ ബിജെപി ചിഹ്നം വരച്ച് തുടങ്ങിയിരുന്നു.
ഇവിടെയെല്ലാം സുരേഷ് ഗോപിയും എത്തിയിരുന്നു. സ്ഥാനാർഥിയുടെ പേര് എഴുതാതെ ചിഹ്നം മാത്രമാണ് വരയ്ക്കുന്നത്. സ്ഥാനാർഥിയെ പ്രഖ്യാപിച്ച ശേഷം പിന്നീട് എഴുതി ചേർക്കും. രാജ്യമൊട്ടാകെ താമര തരംഗമാകും. അത് തൃശൂരിലുമുണ്ടാകുമെന്നും സുരേഷ് ഗോപി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.