NEWSPravasi

മഴക്കെടുതിയിൽ യുഎഇ; ഒട്ടേറെ വാഹനങ്ങളും വീടുകളും തകര്‍ന്നു

അബുദാബി: മഴക്കെടുതിയിൽ നടുങ്ങി യുണൈറ്റഡ് അറബ് എമിരേറ്റ്സ്.കലിതുള്ളി പെയ്ത മഴയില്‍ യുഎഇയുടെ പല ഭാഗങ്ങളും വെള്ളത്തിലായി. ശക്തമായ കാറ്റിന്റെയും മിന്നലിന്റെയും ആലിപ്പഴ വർഷത്തിന്റെയും അകമ്ബടിയോടെയായിരുന്നു മഴ.

ഓഫിസുകളിലേക്കുള്ളവർ മണിക്കൂറുകളോളം വെള്ളക്കെട്ടില്‍ കുടുങ്ങി.ആലിപ്പഴ വർഷത്തില്‍ ഒട്ടേറെ വാഹനങ്ങളും ഡിസ്പ്ലേ ബോർഡുകളും തകർന്നു. കെട്ടിടങ്ങളുടെ ചില്ലുകള്‍ വിണ്ടുകീറി. ശക്തമായ കാറ്റില്‍ സ്ഥാപനങ്ങളുടെ ബോർഡുകളും നിർമാണ കേന്ദ്രത്തിലെ ആള്‍മറകളും റോ‍ഡിലെ ബാരിക്കേഡുകളും പറന്നുപോയി. ഇവ വെള്ളത്തിലൂടെ ഒഴുകിയെത്തി ചിലയിടങ്ങളില്‍ മാർഗതടസ്സമുണ്ടാക്കി.

Signature-ad

ഡിഷ് ആന്റിനകള്‍ ഒടിഞ്ഞുവീണു. മരങ്ങള്‍ കടപുഴകി. പലയിടങ്ങളിലെയും കാർ ഷെഡുകളും തകർന്നു. അബുദാബി മോഡല്‍ സ്കൂള്‍ അങ്കണത്തില്‍ ഷെഡ് തകർന്നുവീണ് വാഹനങ്ങള്‍ക്കു നാശവുമുണ്ടായി.

ജനല്‍ അടയ്ക്കാൻ മറന്നവരുടെ ഫ്ലാറ്റിനകത്തേക്ക് വീശിയടിച്ച കാറ്റില്‍ സീലിങ് ഇളകിവീണു. അബുദാബി, ഷാർജ, അജ്മാൻ ഉള്‍പ്പെടെ ചില ഭാഗങ്ങളില്‍ വൈദ്യുതി ബന്ധം നിലച്ചു. വെള്ളക്കെട്ടില്‍ വാഹനങ്ങളുടെ എൻജിനില്‍ വെള്ളം കയറി പ്രവർത്തനരഹിതമായി. അല്‍ഐൻ, അബുദാബി, ഷാർജ അജ്മാൻ, ഉമ്മുല്‍ഖുവൈൻ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. പ്രവർത്തന രഹിതമായ വാഹനങ്ങളെ കെട്ടിവലിച്ച്‌ ഗാരിജിലേക്ക് നീക്കാൻ പോയ ചില റിക്കവറി വാഹനങ്ങളും വെള്ളത്തില്‍ മുങ്ങി.

അല്‍ഐൻ വ്യവസായ മേഖല പുഴയ്ക്കു സമാനമായി. റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലെ തടാകങ്ങള്‍ (വാദികള്‍) നിറഞ്ഞൊഴുകി. മലവെള്ളപ്പാച്ചിലില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. സമീപ പ്രദേശങ്ങളിലായി നിർത്തിയിട്ട ഒട്ടേറെ വാഹനങ്ങളും ഒലിച്ചുപോയി. റോഡില്‍ മോട്ടർ ഉപയോഗിച്ച്‌ പമ്ബു ചെയ്താണ് വെള്ളക്കെട്ട് നീക്ക‌ിക്കൊണ്ടിരിക്കുന്നത്.

കനത്ത മഴ തുടരുന്ന യുഎഇയില്‍ സർക്കാർ, സ്വകാര്യ സ്കൂള്‍ വിദ്യാർഥികള്‍ക്ക് ഇന്നും ഇ-ലേണിങ് തുടരും. വിദ്യാർഥികളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Back to top button
error: