CrimeNEWS

ബൈക്ക് തള്ളിയിട്ടതില്‍ തര്‍ക്കം; ഡല്‍ഹിയില്‍ മദ്യപസംഘം യുവാവിനെ കുത്തിക്കൊന്നു

ന്യൂഡല്‍ഹി: ബൈക്ക് തള്ളിയിട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ അഞ്ചംഗ മദ്യപസംഘം യുവാവിനെ പൊതുസ്ഥലത്ത് കുത്തിക്കൊന്നു. സുല്‍ത്താന്‍പുരിയില്‍ ചൊവ്വാഴ്ച പകലായിരുന്നു കൊലപാതകം. ആസാദ് (25) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ ഡല്‍ഹി പൊലീസിന്റെ പിടിയിലായി. മദ്യലഹരിയില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലയെന്ന് പൊലീസ് പറഞ്ഞു.

വഴിയില്‍ പാര്‍ക്ക് ചെയ്തിരുന്ന ആസാദിന്റെ ബൈക്ക് സംഘം തള്ളിയിട്ടത് ആസാദ് ചോദ്യംചെയ്തു. ഇതേത്തുടര്‍ന്ന് വാക്കുതര്‍ക്കം നടക്കുന്നതിനിടെ പ്രതികള്‍ കത്തികൊണ്ടും കല്ലുകൊണ്ടും ആക്രമിക്കുകയായിരുന്നു. നിരവധിത്തവണ കുത്തേറ്റ ആസാദ്, സംഭവസ്ഥലത്തു തന്നെ മരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ആസാദിനെ ആക്രമിക്കുന്നതും അതുകണ്ട് ഭയന്ന്, സമീപത്തുണ്ടായിരുന്നവര്‍ ഓടുന്നതുമാണു ദൃശ്യത്തിലുള്ളത്. കൊലപാതകത്തിനു കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ്, ഒളിവില്‍പോയ പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: