ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ നയങ്ങള്‍ക്കെതിരെ 16-ന് (വെള്ളിയാഴ്ച) ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് വിവിധ കർഷക സംഘടനകള്‍.
സംയുക്ത കിസാൻ മോർച്ച അടക്കമുള്ള സംഘടനകള്‍ ബന്ദിന്റെ ഭാഗമാകും. വ്യാപാരികളും, വിള കയറ്റുമതി ചെയ്യുന്നവരും അടക്കം ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ കടയുടമകളും അന്നേ ദിവസം സ്ഥാപനങ്ങള്‍ അടച്ചിടണമെന്ന് കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് വ്യക്തമാക്കി.
രാവിലെ 6 മുതല്‍ വൈകീട്ട് 4 വരെയാണ് ബന്ദ്. രാജ്യത്തെ എല്ലാ ദേശിയ പാതകളും നാല് മണിക്കൂർ നേരം അടച്ചിടണമെന്ന് സംയുക്ത കിസാൻ മോർച്ച നാഷണല്‍ കോർഡിനേഷൻ കമ്മിറ്റി അംഗം ഡോ.ദർശൻപാല്‍ പറഞ്ഞു. ഉച്ചക്ക് 12 മുതല്‍ 4 വരെ കർഷകർ പ്രകടനങ്ങള്‍ നടത്തും. തൊഴിലുറപ്പ് പണിക്കാർ, കർഷക തൊഴിലാളികള്‍, വിവിധ ഗ്രാമീണ തൊഴിലാളികള്‍ എന്നിവർ അന്ന് ജോലിയില്‍ നിന്ന് മാറി നില്‍ക്കണം എന്നും സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.