KeralaNEWS

145 ശതമാനത്തിലധികം വളര്‍ച്ച നേടി കൊച്ചി മെട്രോ

കൊച്ചി: പ്രവര്‍ത്തന വരുമാനത്തില്‍ വലിയ കുതിച്ചുചാട്ടവുമായി കൊച്ചി മെട്രോ.2022-23 സാമ്ബത്തിക വര്‍ഷത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ വരുമാനത്തില്‍ 145 ശതമാനത്തിലധികം വളര്‍ച്ചയാണ് നേടിയത്.

സംസ്ഥാനത്തിന്റെ പൊതുഗതാഗത രംഗത്ത് വിപ്‌ളവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (KMRL) ആദ്യമായാണ് പ്രവര്‍ത്തന ലാഭത്തിലേക്ക് കടക്കുന്നത്. 2020-21 സാമ്ബത്തിക വര്‍ഷത്തിലെ 54.32 കോടി രൂപയില്‍ നിന്ന് 134.04 കോടിയിലേക്കാണ് പ്രവര്‍ത്തന വരുമാനം കുതിച്ചുയര്‍ന്നത്. 2022-23 വര്‍ഷത്തെ പ്രവര്‍ത്തന ലാഭം 5.35 കോടി രൂപയാണ്. നടപ്പ് സാമ്ബത്തിക വര്‍ഷത്തില്‍ 150-160 കോടി രൂപ വരുമാനമാണ് കൊച്ചി മെട്രോ ലക്ഷ്യമിടുന്നത്. വായ്പ തിരിച്ചടവും മറ്റും മാറ്റിനിര്‍ത്തിയാല്‍ ഈ വര്‍ഷം 15-20 കോടി രൂപ പ്രവര്‍ത്തന ലാഭം നേടാനാണ് ശ്രമങ്ങള്‍.

Signature-ad

യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധനയാണ് മെട്രോയെ ലാഭ പാതയിലേക്ക് എത്താന്‍ സഹായിച്ചത്‌. 2022 സെപ്തംബറിനും നവംബറിനുമിടക്ക് യാത്രക്കാരുടെ ശരാശരി എണ്ണം 75,000 കടന്നു. ഈ വര്‍ഷം ജനുവരിയില്‍ ഇത് 80,000 കടന്നു. നിലവില്‍ ഒരു ലക്ഷത്തിലധികം യാത്രക്കാരാണ് മെട്രോ സേവനം പ്രയോജനപ്പെടുത്തുന്നത്.

വിദ്യാര്‍ത്ഥികള്‍ക്കും സ്ഥിരം യാത്രികര്‍ക്കുമായുള്ള വിവിധ സ്‌കീമുകള്‍ ഏര്‍പ്പെടുത്തിയും സെല്‍ഫ് ടിക്കറ്റിംഗ് മഷീനുകള്‍ സ്ഥാപിച്ചും യാത്രക്കാര്‍ക്ക് മികച്ച സേവനം ഉറപ്പാക്കിയുമാണ് കൂടുതല്‍ യാത്രക്കാരെ മെട്രോയിലേക്കെത്തിക്കാന്‍ സാധിച്ചത്.

ഉടൻ തന്നെ ഒന്നാം ഘട്ടത്തില്‍ പേട്ട -തൃപ്പൂണിത്തുറ സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിക്കുകയും കൊച്ചി മെട്രോ രണ്ടാം ഘട്ടം കൂടി പ്രാവര്‍ത്തികമാകുകയും ചെയ്യുമ്ബോള്‍ വരുമാനത്തില്‍ കാര്യമായ പുരോഗതിയുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.

തൃപ്പൂണിത്തുറയിലേക്കും അടുത്ത് തന്നെ മെട്രൊ എത്തുന്നതോടെ കൊച്ചി മെട്രൊയുടെ ഒന്നാം ഘട്ടമായ ആലുവ – തൃപ്പൂണിത്തുറ റൂട്ടിന്‍റെ ദൈര്‍ഘ്യം 28.125 കിലോമീറ്ററാകും. സ്റ്റേഷനുകളുടെ എണ്ണം 25 ആകും. കാക്കനാട് വരെയാണ് രണ്ടാംഘട്ടം. 2025 ല്‍ പൂർത്തിയാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്ന രണ്ടാം ഘട്ടത്തിനായി സംസ്ഥാനത്തിന്റെ വിഹിതമായി 239 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

Back to top button
error: