NEWSPravasi

കനത്ത മഴ; ഒമാനില്‍  ഒഴുക്കില്‍പ്പെട്ട 3 കുട്ടികളില്‍ 2 പേരുടെ മൃതദേഹം കിട്ടി; യുഎഇയിൽ മുന്നറിയിപ്പ്

മസ്കറ്റ്: ഒമാനില്‍ കനത്ത മഴയില്‍ ഒഴുക്കില്‍പ്പെട്ട 3 കുട്ടികളില്‍ 2 പേരുടെ മൃതദേഹം കിട്ടി. മറ്റൊരു കുട്ടിക്കായി തിരച്ചില്‍ നടത്തുകയാണെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.അല്‍ റുസ്താക്ക് ഗവര്‍ണറേറ്റില്‍ വാദി ബാനി ഗാഫിറിലാണ് അപകടമുണ്ടായത്.

ദാഹിറ ഗവര്‍ണറേറ്റിലെ യാങ്കില്‍ വിലായത്തില്‍ വെള്ളപ്പാച്ചിലില്‍ വാഹനം കുടുങ്ങി ഒരാളെ കാണാതായിരുന്നു. ഇതേ സ്ഥലത്ത് 6 പേരെ സിവില്‍ ഡിഫന്‍സ് രക്ഷിക്കുകയും ചെയ്തു.

ശക്തമായ ഇടിമിന്നലോട് കൂടിയ മഴ ഇന്നു രാത്രിയും നാളെ പുലര്‍ച്ചെയും പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളുടെ അറിയിപ്പ്.

Signature-ad

അതേസമയം യുഎഇയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍  മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം.പൊതുജനങ്ങളോട് വീടിനുള്ളില്‍ തന്നെ തുടരാനും അത്യാവശ്യമല്ലാതെ പുറത്തേക്ക് പോകരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്ത് മിക്കയിടത്തും ശക്തമായ മഴ പെയ്യുന്നതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മൊബൈല്‍ ഫോണുകളില്‍ അടിയന്തര മുന്നറിയിപ്പ് സന്ദേശം അയച്ചു.സ്വകാര്യ കമ്ബനികളടക്കം വര്‍ക് ഫ്രം ഹോമിന് നിര്‍ദേശിച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ വിദൂര പഠനമാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച്‌ ഇന്നലെ തന്നെ അധികൃതര്‍ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.

 

 

ഇന്നലെ രാത്രി  രാജ്യത്ത് മിക്കയിടത്തും കനത്ത മഴയാണ് പെയ്തത്. ചിലയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയാണ് പെയ്തത്. റോഡുകളിലെല്ലാം മഴവെള്ളം നിറഞ്ഞതോടെ വാഹനഗതാഗതത്തെയും ബാധിച്ചു.ബീച്ചുകളും താഴ്വാരങ്ങളും തടാകങ്ങളും വെള്ളക്കെട്ടുള്ള സ്ഥലങ്ങളും സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പില്‍ പറഞ്ഞു.

Back to top button
error: