Social MediaTRENDING
ആധുനിക റാണിമാർ സനാതന ധർമ്മം സംരക്ഷിക്കുമ്പോൾ ഈ ചരിത്രമെല്ലാം ഒന്നു മനസ്സിലാക്കിയാൽ നന്ന്:ബാബുരാജൻ മനശ്ശേരി എഴുതുന്നു
News DeskFebruary 13, 2024
ക്രിസ്തുമതത്തിലേക്ക് ആദ്യമായി മതപരിവർത്തനത്തിന് തുടക്കം കുറിച്ചത്, പത്തനംതിട്ടയിലെ കോഴഞ്ചേരിയിൽ കാളയോടൊപ്പം നുകത്തിൽ ബന്ധിപ്പിച്ച് നിലം ഉഴുതാൻ നിർബന്ധിതനായ ദൈവത്താൻ എന്ന കീഴാള അടിമയെ ജോൺഹോക്സ് വർത്ത് എന്ന യൂറോപ്യൻ നുകത്തിൽ നിന്നും മോചിപ്പിച്ച് ആബേൽ എന്ന് പേര് നൽകിയ ആളിലൂടെയായിരുന്നു എന്ന് കുഞ്ഞുകുഴി എസ് മണി.
1853 ആഗസ്റ്റ് 19 ന് മിഷണറിയായ ഹോക്സ് വർത്ത് ദൈവത്താനേയും സഹോദരൻ ചേരാദിനെയും തിരുവല്ലയിലെ മിഷനറി ബംഗ്ളാവിൽ വിളിച്ചുവരുത്തി പരിഭാഷക്കാരൻ മുഖേന 76 ചോദ്യം ചോദിച്ചെന്നും അതിൽ 21 എണ്ണത്തിന് ശരിയുത്തരം നൽകിയെന്നും അങ്ങനെ ഹാബേലും ഭാര്യ റാഹേൽ മക്കളായ റൂത്ത്ലെയ, നവോമി എസ്തേർ എന്നിവരും, സഹോദരനും ഭാര്യയുമടക്കം മതപരിവർത്തനം നടത്തി എന്ന് വിനിൽ പോളും പറയുന്നത്. കാര്യങ്ങൾ എങ്ങിനെയായിരുന്നാലും കേരളത്തിൽ മുൻകാലങ്ങളിൽ വലിയതോതിൽ മതപരിവർത്തനം ഇവിടെ നടന്നിരുന്നു.
ജോയ് ജ്ഞാനദാസൻ തൻെറ ഒരു പുസ്തകത്തിൽ ഇവിടെ നടന്നിട്ടുള്ള ഒരു ക്രൂരമായ സംഭവത്തെ പറയുന്നുണ്ട്.
വേദനയും ഭയവും അന്തരീക്ഷത്തിൽ തളം കെട്ടിനിന്നു. ഒരു സ്ത്രീയുടെ പ്രാണവേദനയിൽ നിന്നുയരുന്ന ശീല്ക്കാരശബ്ദം. പേടിച്ചലറിവിളിക്കുന്ന കുട്ടികളുടെ കരച്ചിലിനിടയിൽകൂടി തുളച്ചു കയറി ആ അന്തരീക്ഷത്തെയാകെ പ്രകമ്പനം കൊള്ളിക്കുന്നു. ആ പ്രാണവേദനയുടെ ശബ്ദം പൊങ്ങിവന്നത്, അടുത്ത് തന്നെ നിലം ഉഴുതുകൊണ്ടിരുന്ന നുകത്തിൻെറ ഒരുവശത്തുള്ള പോത്തിന് പകരമായി നുകം വലിക്കുന്ന കീഴാള അടിമസ്ത്രീയിൽ നിന്നാണ്. ഉഴവുകാരൻ വേഗം കൂട്ടാനായി ഒരു വശത്തുള്ള പോത്തിനെ കരയിൽ നിൽക്കുന്ന തമ്പ്രാൻെറ നിർദ്ദേശപ്രകാരം ക്രൂരമായി പ്രഹരിച്ചുകൊണ്ടിരുന്നു. അടികൊള്ളുമ്പോൾ മുന്നോട്ടോടുന്ന പോത്തിനൊപ്പം എത്താനാവാതെ മറുവശത്തെ സ്ത്രീ ആക്രാന്തമിടുന്നു. ആ സ്ത്രീയുടെ പ്രാണവേദനയുടെ ദീനസ്വരമാണ് ഒരു ശീൽക്കാരമായി കേട്ടത്. ഒടുവിൽ ആ നുകത്തിൽ നിന്നും ഊർന്നു ചെളിയിൽ വീണു ആ സ്ത്രീയുടെ ശരീരം നിശ്ചലമായി.
എന്തിനായിരുന്നു തമ്പ്രാൻെറ ആ ശിക്ഷ !
അന്ന് വിത്തുവിതക്കുന്ന ദിവസമായിരുന്നു. ഗർഭിണിയായ ആ സ്ത്രീക്ക് ശരീരാസ്വാസ്ത്യം മൂലം അല്പം വൈകിപ്പോയി ജോലിക്ക് ചെല്ലാൻ.
കേരളത്തെക്കുറിച്ച് ഗാനമെഴുതാൻ ശ്രീ തമ്പിസാറെ ഈ ചരിത്രസത്യങ്ങളാണ് നിങ്ങളുപയോഗിക്കേണ്ടത്. നമ്മുടെ കേരളം ഇന്നത്തെ കേരളമായത് പാഴ്നിലങ്ങളിൽ ചവുട്ടിതാഴ്ത്തപ്പെട്ട അടിമജനതയിൽ നിന്നുമാണ്.തമ്പിസാറിന് വേണ്ടി മുതലക്കണ്ണീരൊഴുക്കുന്ന നവലോകത്തിലെ കൊച്ചമ്മമാരും കൊച്ചച്ചന്മാരും ഈ ചരിത്രസത്യങ്ങളെക്കുറിച്ച് നാവനക്കില്ല അവർ സവർണ്ണ ജന്മി മാടമ്പികളുടെ പിന്മുറക്കാരാണ്
ടിപ്പുവിൻെറ പടയൊട്ടത്തിൽ തിരുവിതാംകൂറിനെ സഹായിച്ചത് ബ്രിട്ടീഷുകാരാണ്. ആ വിജയത്തോടെ തിരുവിതാംകൂർ സായിപ്പന്മാരുമായി ചില ഉടമ്പടികളുണ്ടാക്കി. തിരുവിതാംകൂർ രാജ്യത്തിൻെറ ഭരണപരമായ കാര്യങ്ങളിൽ ഉപദേശം നൽകാനും മേൽനോട്ടം വഹിക്കാനുമുള്ള അവകാശം സായിപ്പന്മാർക്കു ലഭിച്ചു. ഈ അവസരം മിഷനറിമാർ വേണ്ടവിധത്തിൽ ഉപയോഗിച്ചു.
മുകളിൽപറഞ്ഞപൊലുള്ള ക്രൂരമായ ജാതിപീഢനങ്ങളാണ് അക്കാലത്ത് കേരളത്തിൽ അരങ്ങേറിയത്. അടിസ്ഥാന ജനങ്ങളെ അടിമകളാക്കുക പിന്നീട് അവരെ വിൽക്കൽ വാങ്ങൽ നടത്തുക, ജാതി നോക്കി ശിക്ഷ വിധിക്കുക, പൊതുവഴികളിൽ നിന്നും ആട്ടിയോടിക്കുക. പണ്ഡിറ്റ് കറുപ്പൻ അന്ന് എഴുതി.
മാടിനെ അരികിലേക്ക് മാടിവിളിക്കുകയും മനുഷ്യനെ അടിച്ചോടിക്കുകയും ചെയ്യുന്ന ഈ വ്യവസ്ഥയെക്കുറിച്ച്, നാല്ക്കാലികളെക്കാളും താഴെയാണല്ലോ ഇക്കാണും മനുഷ്യസോദരെന്ന്. കുമാരഗുരുദേവൻ അക്കാലത്തെ ദളിതരോട് പറഞ്ഞു, നിങ്ങൾ കാളകളെയും പോത്തുകളെയും അറത്തു തിന്നരുതെന്ന്. കാരണം നുകത്തിൽ കിടന്നു പിടയുന്ന നിങ്ങളുടെ കണ്ണീരുകണ്ട് മനസ്താപമുണ്ടായത് ഇവർക്കാണെന്ന് അല്ലാതെ മനുഷ്യർക്കല്ലെന്ന്. മനുഷ്യസംസ്കാരത്തിൻെറ സമ്പൂർണ്ണത ഉൾകൊള്ളണമെങ്കിൽ ഇനിയും നിങ്ങൾ കുമാരഗുരുവിൻെറ കവിതകൾ വായിക്കണം.
ഇവിടെ പറഞ്ഞുവരുന്നത് ആധുനിക ഹിന്ദുത്വവാദികൾ രാമരാജ്യത്തിലെ നുണഫാക്ടറികളിൽ നിന്നും ഉല്പാദിപ്പിക്കുന്ന പെരും നുണകൾ വാട്സാപ്പ് യൂണിവേഴ്സിറ്റിയിൽകൂടി വിറ്റഴിക്കുകയാണ്. ചരിത്രബോധമില്ലാത്തവരും അന്തമായ വർഗ്ഗീയ ചിന്തയുള്ളവരുമായ കുലപരമ്പരകൾ ഇതെത്ര ശരിയെന്ന് ചിന്തിച്ച് പുളകം കൊള്ളുകയാണ്.
ഈ നാട്ടിലെ ദലിത് സമൂഹങ്ങൾ അവർക്ക് ഇഷ്ടമുണ്ടായിട്ടല്ല മതപരിവർത്തനം നടത്തിയത് മറിച്ച് അവർക്ക് മനുഷ്യനായി ജീവിച്ചുമരിക്കാൻ വേണ്ടിയായിരുന്നു എന്ന ചരിത്രസത്യം അറിഞ്ഞിരിക്കണം. ഏതെങ്കിലും ഒരു ഹിന്ദുത്വവാദി സവർണ്ണപ്രത്യയ ശാസ്ത്രം ചാതുർവർണ്യത്തിൻെറ ഇരകളാക്കിയ ഈ വിഭാഗത്തിന് വേണ്ടി വാദിക്കുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ !
എന്നാൽ നിങ്ങൾ ബ്രാഹ്മണിസത്തെയും സവർണ്ണപ്രത്യയശാസ്ത്രത്തെയും ചാതുർവർണ്യത്തെയും മനുസ്മൃതിയെയും വിമർശിച്ചു നോക്കൂ. അപ്പോൾ വായിൽ തോന്നുന്ന അറക്കുന്ന വാക്കുകളുമായി അവർ വരും. കാരണം ഹിന്ദുത്വം എന്നാൽ ബ്രാഹ്മണിസവും സവർണ്ണ പ്രത്യയശാസ്ത്രവുമാണ്. കുറെ ദലിതർ വലതുകൈയ്യിൽ മഞ്ഞച്ഛരടുകെട്ടി കോലം തുള്ളുന്നത് കാണുമ്പോൾ സഹോദരങ്ങളെ നിങ്ങളോട് സഹതാപമാണുള്ളത്. കാരണം ചരിത്രമറിത്തതിൻെറ സഹതാപം. നിങ്ങളെ അവർ ചരിത്രം പഠിപ്പിക്കില്ല കാരണം ചരിത്രമറിഞ്ഞാൽ നിങ്ങൾ അകന്നുപോകും തല്ലാനും കൊല്ലാനും ആളെകിട്ടില്ല. അതാണ് വടക്കെ ഇന്ത്യയിൽ ഇപ്പോൾ കാണുന്നത്.
ഹിന്ദുരാഷ്ട്രമായിരുന്ന തിരുവിതാംകൂർ ഇങ്ങിനെ മതപരിവർത്തനത്തിലൂടെ ക്രൈസ്തവരാജ്യം എന്ന നിലയിലേക്ക് മാറികൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ തന്നെയാണ് ബ്രിട്ടീഷുകാരുടെ നിരന്തരമായ ഇടപെടലിൻെറ ഭാഗമായി ബ്രിട്ടീഷ് സർക്കാർ ഇന്ത്യയിൽ അടിമത്തം അവസാനിപ്പിക്കാൻ ആജ്ഞാപിച്ചത്. എന്നിട്ടും പൊന്നുതമ്പുരാക്കൻ ഇവിടെയുള്ള മനുഷ്യരെ മോചിപ്പിക്കാൻ തയ്യാറായില്ല. അവർ പറഞ്ഞു, അടിമത്തം നിരോധിച്ചാൽ ദൈവകോപമുണ്ടാകുമെന്ന്. തുടർന്നാണ് ബ്രിട്ടീഷ് സർക്കാർ വിള്‌ബരപ്പെടുത്തിയത്, നിങ്ങൾ രാജ്യത്ത് അടിമത്തം നിരോധിച്ചില്ലെങ്കിൽ രാജ്യം ഞങ്ങൾ നേരിട്ടു ഭരിക്കും എന്ന്. സർവ്വവും കൈവിട്ടുപോകുമെന്ന ഭയത്താൽ ഒടുവിൽ ഗത്യന്തരമില്ലാതെ ഇവർക്ക് സായിപ്പിൻെറ തീരുമാനം അംഗീകരിക്കേണ്ടി വന്നു. ആധുനിക റാണിമാർ സനാതന ധർമ്മം സംരക്ഷിക്കുമ്പോൾ ഈ ചരിത്രമെല്ലാം ഒന്നു മനസ്സിലാക്കിയാൽ നന്ന്.
മതപരിവർത്തനം ചെയ്യപ്പെട്ടവർക്കായി വിദ്യഭ്യാസം, സാമൂഹികസ്ഥിതി വ്യക്തിപരമായ മൂല്യം എന്നിയല്ലാം ലഭിക്കപ്പെട്ടു. ആദ്യത്തെ മിഷനറിയായ റിംഗിൾടൊബ് പറയുന്നത്, 1859 ൻെറ ആരംഭത്തിൽ ഞാനിവിടെ വരുമ്പോൾ മിഷനിൽ 17000 അനുയായികളുണ്ടായിരുന്നു. 1883 ൽ ഇത് 41347 ആയി ഉയർന്നു.1882 ൽ മിഷൻെറ വിദ്യാലയങ്ങളിൽ 10699 വിദ്യാർത്ഥികൾ പഠിച്ചിരുന്നു. അതിൽ 2375 പെൺകുട്ടികളാണ്. ഊരൂട്ടമ്പലം പെൺപള്ളികൂടത്തിൽ പഞ്ചമിയെ ചേർക്കാൻ ചെന്ന അയ്യാങ്കാളിക്ക് കാണാനായത് ഒരു ദലിതൻ സ്കൂൾമുറ്റത്ത് കടന്നതിനാൽ ആ സ്കൂൾ കത്തിച്ചാമ്പലായ കാഴ്ചയാണ് ഇതും കൂടി ഇവിടെ ചേർത്തു വായിക്കപ്പെടേണ്ടതാണ്. ഇവർക്കെല്ലാം പലയിടങ്ങളിലായി മിഷനറിമാർ ജോലിയും നൽകി. മതപരിവർത്തനം കൂടുതലായി നടന്നത് ചോവ്വന്മാരിലും പുലയരിലുമാണെത്ര. പുലയരിൽ ആകെയുണ്ടായിരുന്നതിൻെറ പകുതി പുലയർ മതപരിവർത്തനം നടത്തി.
ഇവിടെ ഒരിക്കൽ കൂടി ഓർമപ്പെടുത്തട്ടെ ചരിത്രം പഠിക്കാത്തവൻെറ മേൽ ചരിത്രം ആവർത്തിക്കപ്പെടും.
(Babu Rajan Manassery)