അല്‍ ബത്തീൻ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി അബുദാബിയിലും ദുബായിലുമായി മൂന്ന് പ്രധാന പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ഏഴാമത്തെ യുഎഇ സന്ദർശനമാണിത്. എട്ട് മാസത്തിനിടെയുള്ള മൂന്നാം സന്ദർശനവും.
യുഎഇ പ്രസിഡന്റ് ഷൈഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാൻ, യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷൈഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തും.
സന്ദർശനത്തിന്റെ ആദ്യദിനമായ ചൊവ്വാഴ്ച അബുദാബി സായിദ് സ്പോർട്സ് സിറ്റിയില്‍ നടക്കുന്ന അഹ്ലൻ മോദി മഹാസമ്മേളനത്തില്‍ പ്രധാനമന്ത്രി എത്തും.ഇന്ത്യൻ എംബസ്സിയും 150-ഓളം പ്രവാസി സംഘടനകളും ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടിയാണിത്. ഉച്ചയ്ക്ക് 12 മണിക്ക് കലാപരിപാടികള്‍ തുടങ്ങും. വൈകിട്ട് ആറോടെ പ്രധാനമന്ത്രി വേദിയിലെത്തും. യുഎഇ പ്രസിഡന്റും പ്രധാനമന്ത്രിക്കൊപ്പം വേദിയില്‍ ഉണ്ടാകുമെന്നാണ് സൂചന. രാത്രി 11 മണി വരെ പരിപാടികള്‍ തുടരും.
രണ്ടാം ദിനമായ ബുധനാഴ്ച രാവിലെ ദുബായ് ഗ്ലോബല്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. യുഎഇ പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവരുമായുള്ള ചർച്ചയും ബുധനാഴ്ചയാണ് നടക്കുക.
തുടർന്ന് അബുദാബി ബാപ്സ് ക്ഷേത്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. രാവിലെയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകള്‍. ബാപ്സ് സന്യാസിമാർ പ്രതിഷ്ഠയും പൂജയും നടത്തും.വൈകീട്ട് നാലിനാണ് പ്രധാനമന്ത്രി ക്ഷേത്രം ഭക്തർക്കായി സമർപ്പിക്കുക. യുഎഇ ഭരണകൂടം സമ്മാനിച്ച 27 ഏക്കർ ഭൂമിയിലാണ് ക്ഷേത്രമുള്ളത്.
യുഎഇ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി മോദി ഖത്തറിലേക്ക് തിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഖത്തർ അമീർ ഷൈഖ് തമീം ബിൻ ഹമദുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. മോദിയുടെ രണ്ടാമത്തെ ഖത്തർ സന്ദർശനമാണിത്.