KeralaNEWS

ആ ഉച്ചഭക്ഷണം പ്രേമചന്ദ്രനെ ഒപ്പം നിര്‍ത്താനോ ? കേരളത്തിൽ ബിജെപിയുടെ പ്ലാൻ -ബി

കൊല്ലം: കേരളത്തില്‍ ബിജെപി ഇത്തവണയും അക്കൗണ്ട് തുറക്കില്ലെന്നും പ്രേമചന്ദ്രനെ ഒപ്പം നിര്‍ത്തി അക്കൗണ്ട് തുറക്കാനുള്ള പ്ലാൻ – ബിയാണ് ആ ഉച്ചഭക്ഷണത്തിന് പിന്നിലെന്നും സിപിഐഎം.

എം.പിയായ എന്‍.കെ പ്രേമചന്ദ്രൻ ഇത്തവണ തോൽക്കുമെന്നും സിപിഐഎം പ്രസ്താവനയിൽ പറഞ്ഞു.

ഇടതുപക്ഷ സര്‍ക്കാറില്‍ എം.എല്‍.എ ആയും മന്ത്രിയായും പ്രവര്‍ത്തിച്ച പ്രേമചന്ദ്രന്‍ പിന്നീട് ആര്‍.എസ്.പി മുന്നണി വിട്ടപ്പോള്‍ യു.ഡി.എഫില്‍ എത്തിച്ചേരുകയാണ് ഉണ്ടായത്. ഈ മുന്നണി മാറ്റത്തിന് ചുക്കാന്‍ പിടിച്ചതു തന്നെ പ്രേമചന്ദ്രനാണെന്നതാണ് യാഥാര്‍ത്ഥ്യം.അതിനാൽ തന്നെ യു.ഡി.എഫിന്റെ മത്സരിക്കാന്‍ പോകുന്ന സിറ്റിംഗ് എം.പി മാരില്‍ , സി.പി.എമ്മില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിടുന്നതും ആര്‍.എസ്.പി യുടെ ഈ എം.പി തന്നെയാണ്.

Signature-ad

കൊല്ലം സീറ്റ് സി.പി.എം ഏറ്റെടുത്തതോടെയാണ് ആര്‍.എസ്.പി ഇടതുമുന്നണി വിടാന്‍ തീരുമാനിച്ചിരുന്നത്. നേരത്തെ മുന്നണിവിട്ട ഷിബു ബേബി ജോണ്‍വിഭാഗം ആര്‍.എസ്.പിയില്‍ ലയിച്ചതിനു പിന്നാലെ മുന്നണി മാറ്റം എളുപ്പത്തില്‍ സാധ്യമാക്കുകയും ചെയ്തു. കൊല്ലം സീറ്റില്‍ മത്സരിക്കാന്‍ നിരവധി കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കിലും പ്രേമചന്ദ്രന്‍ തന്നെ മത്സരിക്കട്ടെ എന്ന നിലപാടാണ് കെ.പി.സി.സി നേതൃത്വം നിലവിൽ സ്വീകരിച്ചിരിക്കുന്നത്.

ആര്‍.എസ്.പിയിലെ ഒരു വിഭാഗം തിരികെ ഇടതുപക്ഷത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഈ തീരുമാനം. പ്രേമചന്ദ്രനല്ലെങ്കില്‍ മണ്ഡലം കൈവിട്ട് പോകുമെന്നാണ് കോണ്‍ഗ്രസ്സ് ഹൈക്കമാന്റും വിലയിരുത്തിയിരിക്കുന്നത്. 2014ലും 2019ലും സി.പി.എം സ്ഥാനാര്‍ത്ഥികള്‍ക്കുമേല്‍ വലിയ വിജയമാണ് പ്രേമചന്ദ്രന്‍ നേടിയിരുന്നത്. ആ ചരിത്രം 2024-ലും ആവര്‍ത്തിക്കാന്‍ യു.ഡി.എഫ് ശ്രമിക്കുമ്ബോള്‍ ഏതു വിധേയനേയും പരാജയപ്പെടുത്താനായിരിക്കും ഇടതുപക്ഷം ശ്രമിക്കുന്നത്.

ഇടതുപക്ഷത്ത് സി.പി.എം കഴിഞ്ഞാല്‍ സി.പി.ഐയ്ക്കും നിര്‍ണ്ണായക സ്വാധീനമുള്ള ജില്ലയാണ് കൊല്ലം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ജില്ലയില്‍ വന്‍ വിജയമാണ് ഇടതുപക്ഷം കൊയ്തിരുന്നത്.ഒരു എം.പി ഉണ്ടെങ്കിലും, കഴിഞ്ഞ രണ്ട് നിയമസഭകളിലും ആര്‍ എസ് പിക്ക് ഒരു പ്രതിനിധി പോലുമില്ലാത്ത സാഹചര്യമാണ് കേരളത്തിലുള്ളത്.

അതേസമയം, ഇടതുപക്ഷത്തിന്റെ ഭാഗമായി മത്സരിച്ച ആര്‍.എസ്.പി.ലെനിനിസ്റ്റ് വിഭാഗത്തിനാകട്ടെ കൊല്ലം ജില്ലയില്‍ നിന്നും ഒരംഗത്തെ വിജയിപ്പിക്കാനും സാധിച്ചിട്ടുണ്ട്. കോവൂര്‍ കുഞ്ഞുമോനാണ് നിയമസഭയിലെ ഏക ആര്‍.എസ്.പി അംഗം. ഇവിടെയും സി. പി.എമ്മിന്റെ തന്ത്രപരമായ നീക്കമാണ് വിജയം കണ്ടിരിക്കുന്നത്.  ആര്‍.എസ്.പി ലെനിനിസ്റ്റില്‍ ലയിച്ചിട്ടാണെങ്കില്‍ പോലും യു.ഡി.എഫ് വിടണമെന്ന വികാരം ഒരുവിഭാഗം ആര്‍.എസ്.പി പ്രവര്‍ത്തകരില്‍ ഉണ്ടാകാനും കോവൂര്‍ കുഞ്ഞുമോന്റെ ജയം ഒരു പ്രധാനകാരണമാണ്.

ബി.ജെ.പിയ്ക്കും കാര്യമായ വോട്ടുകള്‍ ഉള്ള ജില്ലയാണ് കൊല്ലം, ഇക്കുറി മുതിര്‍ന്ന നേതാക്കളെ മത്സരിപ്പിക്കുമെന്ന് നേതൃത്വം പറയുന്നുണ്ടെങ്കിലും ഈ വോട്ട് ബാങ്കില്‍ പ്രേമചന്ദ്രനും ഒരു കണ്ണുണ്ട്. 2019-ല്‍ ബി.ജെ.പി മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ.വി.സാബു, 1,03,339 വോട്ടുകളാണ് നേടിയിരുന്നത്. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് കണ്ട് , കഴിഞ്ഞ തവണ കേരളം നല്‍കിയ വോട്ടുകള്‍, മാറിയ രാഷ്ട്രീയ കാലാവസ്ഥയില്‍, ഇത്തവണ ലഭിക്കില്ലെന്ന നല്ല ബോധ്യം എന്‍.കെ പ്രേമചന്ദ്രനു തന്നെയുണ്ട്. വീണ്ടും വയനാട്ടില്‍ രാഹുല്‍ മത്സരിച്ചാല്‍ പോലും അത് ഏശില്ലന്ന് കണ്ടാണ് പുതിയ നീക്കവുമായി അദ്ദേഹം കളത്തിലിറങ്ങിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുഡ് ലിസ്റ്റില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞത് കൊല്ലത്തെ സംഘപരിവാര്‍ വോട്ടുകള്‍ തനിക്ക് അനുകൂലമാകാന്‍ കാരണമാകുമെന്നതാണ് അദ്ദേഹത്തിന്റെ കണക്ക് കൂട്ടല്‍. പ്രധാനമന്ത്രിക്കൊപ്പമുള്ള ഉച്ചഭക്ഷണ ക്ഷണം പ്രേമചന്ദ്രന്‍ നിരസിക്കാതിരുന്നതും അതു കൊണ്ടാണ്.

കേരളത്തിലെ മറ്റു എം.പിമാരില്‍ ആരെയും പരിഗണിക്കാതെ എന്‍.കെ. പ്രേമചന്ദ്രനെ മാത്രം മോദി സെലക്‌ട് ചെയ്തതിനു പിന്നിലും , വ്യക്തമായ രാഷ്ട്രീയ കണക്കുകൂട്ടലുകളുണ്ട്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍.എസ്.പി, എന്‍.ഡി.എയുടെ ഭാഗമാകണമെന്നാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. മാത്രമല്ല, ഇത്തവണയും പ്രേമചന്ദ്രന്‍ ആര്‍.എസ്.പിയുടെ ഏക എം.പി ആയാല്‍ , മുന്നണി മാറ്റത്തിന് മറ്റു തടസ്സങ്ങള്‍ ഉണ്ടാകില്ലന്നും മോദി ക്യാംപ് കരുതുന്നുണ്ട്. ഇതെല്ലാം മുന്‍ നിര്‍ത്തിയുള്ള സീക്കമാണ് പ്രധാനമന്ത്രി ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ഉച്ച ഭക്ഷണത്തിന് മോദി ക്ഷണിച്ചവര്‍ എല്ലാം തന്നെ, മോദിയുടെ ഗുഡ് ലിസ്റ്റില്‍ ഇടംപിടിച്ചവരാണെന്നതാണ് വാസ്തവം.

 

എന്‍.കെ പ്രേമചന്ദ്രന് പുറമേ, ടിഡിപി എംപി രാം മോഹന്‍ നായിഡു, ബിഎസ്പിയുടെ റിതേഷ് പാണ്ഡേ, ബിജെഡിയുടെ സസ്മിത് പത്ര എന്നിവരും ബിജെപി എംപിമാരായ ഹീന ഗാവിത്, ഫാങ്നോന്‍ കൊന്‍യാക്, ജംയാങ് സെരിങ് നാംഗ്യാല്‍, കേന്ദ്രമന്ത്രി എല്‍. മുരുഗന്‍ എന്നിവരാണ് പ്രധാനമന്ത്രിക്കൊപ്പം പാര്‍ലമെന്റില്‍ ഉച്ചഭക്ഷണം കഴിച്ചിരുന്നത്. ഈ ഫോട്ടോകള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും വൈറലാണ്.

 

പ്രേമചന്ദ്രൻ മോദിയുടെ കേരളത്തിലെ ഏജന്റാണെന്ന് കഴിഞ്ഞദിവസം ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞിരുന്നു.എൻ കെ പ്രേമചന്ദ്രൻ അടക്കമുള്ള കേരളത്തില്‍ നിന്നുളള എംപിമാർ കേരളത്തിന്റെ കാര്യത്തിന് വേണ്ടി പാർലമൻ്റില്‍ ഒന്നും ചെയ്തില്ല. പാർലമെന്റില്‍ പ്രേമചന്ദ്രൻ ചോദിക്കുന്ന ചോദ്യങ്ങള്‍ പോലും കേന്ദ്ര നിലപാടുകളെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുളളതാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Back to top button
error: