മസ്കറ്റ്: ഇന്ത്യൻ ഉള്ളിക്ക് കയറ്റുമതി നിയന്ത്രണം തുടരുന്നതോടെ ഒമാനില്‍ ഉള്ളി വില കുതിച്ചുയരുന്നു. പാകിസ്താനില്‍ നിന്നുള്ള ഉള്ളി വരവുകൂടി കുറഞ്ഞതോടെയാണ് വില ഉയരാൻ തുടങ്ങിയത്.
കഴിഞദിവസം ഉള്ളിയുടെ മൊത്ത വില 600 ബൈസയായി ഉയർന്നിരുന്നു. ഇത് ചില്ലറ വ്യാപാരത്തിനെത്തുമ്ബോള്‍ ഒരു കിലോ ഉള്ളി വില 700 ബൈസക്ക് അടുത്തെത്തും. ഇന്ത്യയുടെ കയറ്റുമതി നിരോധത്തിനുമുമ്ബ് കിലോക്ക് 300 ബൈസയില്‍ താഴെയായിരുന്നു വില.
വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ഇറക്കുമതി മേഖലയിലുള്ളവർ പറയുന്നത്. ഇന്ത്യയില്‍ കയറ്റുമതി നിരോധനം നീളാൻ സാധ്യതയുണ്ടെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു.
അടുക്കളയില്‍ ഏറ്റവും ഉപയോഗമുള്ളതാണ് ഉള്ളി. വില കുത്തനെ ഉയരുന്നത് കുടുംബമായി കഴിയുന്നവരെ പ്രതികൂലമായി ബാധിക്കുന്നു. വില വർധിച്ചതോടെ ഹോട്ടലുകളിലും മറ്റും ഉള്ളി ഉപയോഗം കുറച്ചിട്ടുണ്ട്.