IndiaNEWS

ശമ്പളവും പെന്‍ഷനും ഇല്ലെങ്കില്‍ അടച്ചുപൂട്ടും; ഡല്‍ഹി കോര്‍പറേഷന് അന്ത്യശാസനവുമായി കോടതി

ന്യൂഡല്‍ഹി: ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്തില്ലെങ്കില്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ അടച്ചു പൂട്ടുമെന്നു ഹൈക്കോടതി താക്കീത് നല്‍കി. നാലു വര്‍ഷമായി കേസ് വലിച്ചുനീട്ടുന്നു. അവസാനമായി ഒരവസരം കൂടി നല്‍കുകയാണെന്നും കോടതി പറഞ്ഞു. പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ കോര്‍പറേഷന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കുമെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് പ്രീതം സിങ് അറോറ എന്നിവരുടെ ബെഞ്ച് മുന്നറിയിപ്പു നല്‍കി.

ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ഉള്‍പ്പെടെയുള്ള കുടിശിക വിതരണം ചെയ്യാന്‍ ഏഴാം ശമ്പളക്കമ്മിഷന്‍ ശുപാര്‍ശയനുസരിച്ച് എംസിഡിക്ക് നിയമപരമായ ബാധ്യതയുണ്ട്. അടിസ്ഥാന വേതനം പോലും നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ പ്രത്യാഘാതം നേരിടാന്‍ തയാറെടുക്കാമെന്നും എന്നും കോടതി പറഞ്ഞു.

Signature-ad

കോടതിയുടെ താക്കീതിന് പിന്നാലെ തന്നെ 10 ദിവസത്തിനുള്ളില്‍ ശമ്പളവും പെന്‍ഷന്‍ വിതരണവും നടത്താമെന്ന് എംസിഡി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ദിവ്യ പ്രകാശ് പാണ്ഡേ അറിയിച്ചു. കുടിശിക വിതരണത്തിന്റെ കാര്യത്തിലും പരിഹാരമുണ്ടാക്കുമെന്നും അറിയിച്ചു.

ഇനിയും പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് എംസിഡി കമ്മിഷണറോടു പറഞ്ഞേക്കൂ എന്നായിരുന്നു കോടതിയുടെ മറുപടി. ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ വിതരണത്തില്‍ 4 ആഴ്ചയ്ക്കുള്ളില്‍ പരിഹാരം കണ്ടെത്തണമെന്നും നിര്‍ദേശിച്ചു.

ഏഴാം ശമ്പളക്കമ്മിഷന്‍ ശുപാര്‍ശ അനുസരിച്ചുള്ള ശമ്പളവും പെന്‍ഷനും ലഭിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി 12ലേറെ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. വാദത്തിനിടെ കഴിഞ്ഞ ജനുവരി 24ന് എംസിഡിക്ക് 803 കോടി രൂപ നല്‍കിയിരുന്നുവെന്നു ഡല്‍ഹി സര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

Back to top button
error: