KeralaNEWS

കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം തട്ടൽ ; ബിജെപി ജില്ലാ ട്രഷറർക്കും 
ബിഎംഎസ് ജില്ലാ സെക്രട്ടറിക്കും എതിരെ കേസ്‌

ചെങ്ങന്നൂർ: ക്ഷേത്രത്തിലെ കാണിക്കവഞ്ചി അനധികൃതമായി കുത്തിത്തുറന്ന് പണം തട്ടിയ കേസിൽ ബിജെപി ജില്ലാ ട്രഷറർ, ബിഎംഎസ് ജില്ലാ സെക്രട്ടറി അടക്കം 10 പേർക്കെതിരെ ചെങ്ങന്നൂർ പൊലീസ് കേസെടുത്തു.
 ചെങ്ങന്നൂർ കീഴ്‌ചേരിമേൽ ശാസ്‌താംകുളങ്ങര നരസിംഹസ്വാമി ക്ഷേത്രത്തിലെ കാണിക്കവഞ്ചി അനധികൃതമായി കുത്തിത്തുറന്ന് ഇവർ പണം അപഹരിച്ചെന്ന്‌ കാട്ടി ളാഹശേരി വേങ്ങൂർ വീട്ടിൽ രമേശ് ബാബു നൽകിയ പരാതിയിലാണ് ചെങ്ങന്നൂർ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്.
ബിജെപി ജില്ലാ ട്രഷറർ കെ ജി കർത്ത, ബിഎംഎസ് ജില്ലാ സെക്രട്ടറി മധു കരിപ്പാലിൽ, ബിജെപി മണ്ഡലം നേതാവും മുൻ നഗരസഭാ കൗൺസിലറുമായ കെ ജയകുമാർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ്‌ കേസ്‌.
കഴിഞ്ഞ നാലാം തീയതി പകൽ 12 ഓടെ ക്ഷേത്രത്തിലെ അലങ്കാരഗോപുരത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് ഉദ്ദേശ്യം 50,000 രൂപ ചാക്കിൽ കെട്ടി കടത്തിയെന്ന്‌ പരാതിയിൽ പറയുന്നു.  സിസി ടിവി ദൃശ്യങ്ങൾ അടക്കം പൊലീസിന്‌ നൽകിയിട്ടുണ്ടെന്നും രമേശ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: