പത്തനംതിട്ട: കോവിഡിനെ തുടർന്ന് നിർത്തിവെച്ച പത്തനംതിട്ട ഡിപ്പോയുടെ കെഎസ്ആർടിസി ചെയിൻ സർവിസുകള്‍ പുനരാരംഭിക്കുന്നു.ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ഇടപെട്ടതോടെയാണ് സർവിസുകള്‍ പുനരാരംഭിക്കുന്നത്.
ചെങ്ങന്നൂർ – തിരുവല്ല, പുനലൂർ-മുണ്ടക്കയം സർവിസുകള്‍ ഒരാഴ്ചക്കുള്ളില്‍ ആരംഭിക്കുമെന്ന് ഡിപ്പോ അധികൃതർ അറിയിച്ചു. പ്രതിദിനം 14,000 മുതല്‍ 17,000 രൂപ വരെ വരുമാനം ലഭിച്ചിരുന്ന സർവിസുകളാണിത്.
സംസ്ഥാനത്ത് കൂടുതല്‍ വരുമാനം ലഭിക്കുന്ന ഡിപ്പോകളിലൊന്നാണ് പത്തനംതിട്ട. പ്രതിദിനം 13.5 ലക്ഷം രൂപയാണ് ശരാശരി വരുമാനം. ഇത് 21 ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.സർവിസുകള്‍ മുടങ്ങിയതിനെ തുടർന്ന് ചെങ്ങന്നൂർ, പുനലൂർ, മുണ്ടക്കയം റൂട്ടുകളില്‍ യാത്രാക്ലേശം തുടരുകയാണ്. ഡിപ്പോയില്‍ ലഭിച്ച പരാതികള്‍ ഡി.ടി.ഒ തോമസ് മാത്യു ഗതാഗതമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടർന്നാണ് ചെയിൻ സർവിസുകള്‍ പുനരാരംഭിക്കാൻ നടപടിയായത്.