Breaking NewsIndiaLead NewsLocalNEWSWorld

ജമ്മു-കശ്മീരിൽ വൻ ആക്രമണത്തിന് പദ്ധതിയിട്ട് പാക്കിസ്ഥാൻ, ചാരവൃത്തി നടത്തിയ 22 പേർ അറസ്റ്റിൽ, ഇന്ത്യയിലെ തന്ത്രപ്രധാന സ്ഥലങ്ങളുടെ ചിത്രങ്ങളും വീഡിയോകളും, ലൊക്കേഷൻ ടാഗുകളും പിടിയിലായവരുടെ ഫോണിൽ!! സൈനിക നീക്കങ്ങൾ തത്സമയം നിരീക്ഷിക്കാൻ സോളാർ പാനലുകളിൽ സിസിടിവി സ്ഥാപിക്കാൻ ശ്രമം

ഗാസിയാബാദ്: ഒരു സാധാരണ ഇന്റലിജൻസ് വിവരമായി ആരംഭിച്ച ഒരു അന്വേഷണം രാജ്യത്തെ ഏറ്റവും ഗുരുതരമായ ചാരപ്രവൃത്തി കേസുകളിലൊന്നായി മാറിയതായി റിപ്പോർട്ട്. മാർച്ച് 14-ന് ഗാസിയാബാദിലെ കൗശാംബി പേലീസ് സ്റ്റേഷനിൽ ലഭിച്ച സൂചനയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ആദ്യം സംശയാസ്പദ പ്രവർത്തനങ്ങൾ നടത്തുന്ന ചില യുവാക്കളെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണം കശ്മീരിൽ അടുത്ത ആക്രമണത്തിന് പാക്കിസ്ഥാൻ പദ്ധതിയിടുന്നുവെന്ന രണ്ടെത്തലിലാണ് എത്തി നിൽക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 22 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിരവധി പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടുന്നു. ഉത്തരപ്രദേശിലെ ഭോവാപുരിൽ നിന്നുള്ള യുവാക്കൾ റെയിൽവേ സ്റ്റേഷനുകളും സൈനിക കേന്ദ്രങ്ങളും ഉൾപ്പെടെ പ്രധാന ഇടങ്ങളിലെ ചിത്രങ്ങളും വീഡിയോകളും പകർത്തി വിദേശത്തേക്ക് അയച്ചതായി കണ്ടെത്തി. ഓരോ അസൈൻമെന്റിനും 5,000 മുതൽ 20,000 രൂപ വരെ പ്രതിഫലം നൽകിയിരുന്നു. കൂടുതൽ ആളുകളെ റിക്രൂട്ട് ചെയ്യുന്നവർക്ക് കൂടുതൽ പണം വാഗ്ദാനം ചെയ്തതോടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവാക്കളാണ് കൂടുതലായി കുടുങ്ങിയത്. ഇവരെ നിയന്ത്രിക്കുന്നത് പാക്കിസ്ഥാനിൽ നിന്നാണെന്നും കണ്ടെത്തി.

Signature-ad

ആദ്യഘട്ടത്തിൽ അറസ്റ്റിലായ ആറുപേരുടെ മൊബൈൽ ഫോണുകളിൽ നിന്നാണ് കേസിന് നിർണായക വഴിത്തിരിവ് ലഭിച്ചത്. ഫോണുകളിലെ ഗാലറികളിൽ സൈനിക കേന്ദ്രങ്ങൾ, ക്യാമ്പ് പരിസരങ്ങൾ, റെയിൽവേ നോഡുകൾ എന്നിവയുടെ ചിത്രങ്ങളും വീഡിയോകളും, ലൊക്കേഷൻ ടാഗുകളും കണ്ടെത്തി. ഇതോടെ ഇത് ചെറിയ തോതിലുള്ള പ്രവർത്തനം അല്ലെന്നും, വ്യക്തമായ ലക്ഷ്യത്തോടെ നടത്തിയ സംഘടിത ചാരപ്രവർത്തനമാണെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു.

തുടർന്ന് പ്രത്യേക അന്വേഷണസംഘം (SIT) രൂപീകരിച്ച് അന്വേഷണം തുടങ്ങി. ഇൻഡിരാപുരം പോലീസ്, ക്രൈംബ്രാഞ്ച്, സൈബർ ക്രൈം വിഭാഗം, ഇന്റലിജൻസ്, SWAT ടീമുകൾ എന്നിവ ചേർന്നാണ് അന്വേഷണം പുരോഗമിക്കുന്നത്. ചോദ്യം ചെയ്യലിൽ പാക്കിസ്ഥാനിൽ നിന്ന് പ്രവർത്തിക്കുന്ന സുഹൈൽ മാലിക്, നൗഷാദ് അലി, സമീർ അലിയാസ് “ഷൂട്ടർ” എന്നിവരാണ് ഈ ശൃംഖലയെ നിയന്ത്രിച്ചതെന്ന് കണ്ടെത്തി. സോഷ്യൽ മീഡിയയും എൻക്രിപ്റ്റഡ് മെസേജിംഗ് ആപ്പുകളും ഉപയോഗിച്ചാണ് യുവാക്കളെ റിക്രൂട്ട് ചെയ്തത്. ഏത് സ്ഥലങ്ങൾ ചിത്രീകരിക്കണം, എങ്ങനെയാണ് പകർത്തേണ്ടത്, എപ്പോൾ അയക്കണം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ നിർദേശങ്ങൾ നൽകിയിരുന്നു.

അറസ്റ്റിലായവരിൽ നാലുപേർ മുൻപ് ജമ്മു- കാശ്മീരിലെ പുൽവാമ സന്ദർശിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. അവിടെ നിന്നുള്ള നിർണായക വിവരങ്ങൾ പാക്കിസ്ഥാനിലേക്ക് കൈമാറിയതായും സ്ഥിരീകരിച്ചു. ഇത് ഭാവിയിൽ നടക്കുന്ന വലിയ ആക്രമണത്തിനായുള്ള മുൻകൂട്ടി വിവരശേഖരണ പ്രവർത്തനമായിരിക്കാമെന്ന് അന്വേഷണ ഏജൻസികൾ സംശയിക്കുന്നു. ഇതോടൊപ്പം ഡൽഹി- ജമ്മു റെയിൽവേ പാതയിൽ സോളാർ പവർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന CCTV ക്യാമറകൾ സ്ഥാപിച്ച് സൈനിക നീക്കങ്ങൾ തത്സമയം നിരീക്ഷിക്കാൻ പദ്ധതിയിട്ടതായും കണ്ടെത്തി. ഡൽഹി കാന്റോൺമെന്റിലും ഹരിയാനയിലെ സോണിപത്തിലും ഇതിനകം ക്യാമറകൾ പ്രവർത്തനക്ഷമമായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. ഏകദേശം 50 കേന്ദ്രങ്ങളിൽ ക്യാമറകൾ സ്ഥാപിക്കാനായിരുന്നു ലക്ഷ്യം.

ഇതിനൊപ്പം OTP, SIM കാർഡ് വിതരണം സംബന്ധിച്ച സമാന്തര തട്ടിപ്പും പുറത്തുവന്നിട്ടുണ്ട്. ഇന്ത്യൻ നമ്പറുകൾ ഉപയോഗിച്ച് വിദേശങ്ങളിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കാൻ OTPകൾ കൈമാറിയിരുന്നു. SIM കാർഡുകൾ വ്യാജ രേഖകൾ, ഫിഷിംഗ്, മോഷണം തുടങ്ങിയ മാർഗങ്ങളിലൂടെ സ്വന്തമാക്കി. പണം UPI വഴിയാണ് കൈമാറിയത്. എന്നാൽ വ്യക്തിഗത അക്കൗണ്ടുകൾ ഒഴിവാക്കി ജൻ സേവ കേന്ദ്രങ്ങൾ, ചെറിയ കടകൾ എന്നിവ വഴി പണം പിൻവലിച്ച് ട്രെയ്‌സ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടാക്കി.

അതേസമയം മാർച്ച് 20-ന് നടത്തിയ തുടർ ഓപ്പറേഷനിൽ ഒൻപത് പേരെ കൂടി പിടികൂടി. ഇവരിൽ അഞ്ചുപേർ പ്രായപൂർത്തിയാകാത്തവരാണ്. ഉത്തരപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര, നേപ്പാൾ എന്നിവിടങ്ങളിലേക്കും ശൃംഖല വ്യാപിച്ചതായി കണ്ടെത്തി. ഇത് ഒരു പ്രദേശത്ത് മാത്രം ഒതുങ്ങിയ സംഘം അല്ലെന്നും, വ്യാപകമായ നെറ്റ്‌വർക്ക് ആണെന്നും ഇതിലൂടെ വ്യക്തമായതായി അന്വേഷണ സംഘം പറയുന്നു.

മാർച്ച് 22-ന് ഫരീദാബാദിൽ നിന്ന് നൗഷാദ് അലി അലിയാസ് “ലാലു” പിടിയിലായി. ഒരു പെട്രോൾ പമ്പിൽ ടയർ പഞ്ചർ കട നടത്തുകയായിരുന്ന ഇയാൾ സാധാരണ ജീവിതം നയിക്കുന്നവനെന്ന ഭാവത്തിൽ പ്രവർത്തിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കൂടാതെ മഥുരയിലെ ഇ-റിക്ഷ ഡ്രൈവറായ മീരയെയും ഒരു പ്രായപൂർത്തിയാകാത്തയാളെയും പിടികൂടി. മീര മുൻപ് ആയുധ വിതരണ കേസിലും അറസ്റ്റിലായിരുന്നുവെന്നും, സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നതിലും ലജിസ്റ്റിക് സഹായങ്ങളിലും പങ്കാളിയായിരുന്നുവെന്നും കണ്ടെത്തി.

ഇപ്പോഴും സമീർ അലിയാസ് “ഷൂട്ടർ” ഒളിവിലാണ്. ഇയാളാണ് പാകിസ്താനിലെ ഈ ശൃംഖലയുടെ മുഖ്യകണ്ണിയെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. ദേശീയ അന്വേഷണ ഏജൻസി (NIA), ആന്റി ടെറർ സ്ക്വാഡ് (ATS), ഉത്തരപ്രദേശ്, ഡൽഹി, ഹരിയാന പൊലീസുകൾ ചേർന്ന് ഇയാളെ കണ്ടെത്താനുള്ള ശ്രമം ശക്തമാക്കി. സ്ഥാപിച്ച ക്യാമറകൾ, ചിത്രീകരിച്ച സ്ഥലങ്ങൾ, SIM വാങ്ങിയ കേന്ദ്രങ്ങൾ എന്നിവയെല്ലാം പരിശോധിച്ച് മുഴുവൻ ശൃംഖല പുനർനിർമ്മിക്കാൻ അന്വേഷണ സംഘം തയ്യാറെടുക്കുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന വലിയ ഗൂഢാലോചനയാണിതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: