NEWSWorld

അടിക്ക് പിന്നാലെ കത്തിക്കുത്തും; മാലിദ്വീപ് പ്രോസിക്യൂട്ടര്‍ ജനറല്‍ ഹുസൈന്‍ ഷമീമിന് കുത്തേറ്റു

മാലെ: മാലിദ്വീപ് പാർലമെന്റിൽ എംപിമാർ തമ്മിലുള്ള കയ്യാങ്കളിക്ക് പിന്നാലെയാണ് കത്തിക്കുത്തും.പ്രോസിക്യൂട്ടര്‍ ജനറല്‍ ഹുസൈന്‍ ഷമീമിനാണ് കുത്തേറ്റത്.

തലസ്ഥാനമായ മാലെയില്‍ വച്ച്‌ അജ്ഞാതര്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.ഗുരുതരമായി പരിക്കേറ്റ ഹുസൈന്‍ എഡികെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബുധനാഴ്ച രാവിലെയാണ് സംഭവം. തലസ്ഥാന നഗരിയിലെ ഒരു തെരുവില്‍ വെച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഷമീമിന് ഗുരുതരമായി പരിക്കേറ്റതായി മാലിദ്വീപ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Signature-ad

ഇന്ത്യ അനുകൂല ‘മാലിദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി’യാണ് ഷമീമിനെ നിയമിച്ചത്.പ്രസിഡന്റ്  മുഹമ്മദ് മുയിസുവിനെ ഇംപീച്ച്‌മെന്റ് ചെയ്യാനുള്ള നടപടികളിലേക്ക് മാലിദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി കടന്നതിന് പിന്നാലെയാണ് സംഭവം.

ഇംപീച്ച്‌മെന്റ് ഒഴിവാക്കാന്‍ പ്രസിഡന്റ് മുഹമ്മദ് മുയിസു സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഇന്ത്യ അനുകൂല മാലിദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടിക്കും സഖ്യത്തിനും പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ളതിനാല്‍ മുഹമ്മദ് മുയിസുവിനെ പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറ്റാനുള്ള സാധ്യത കൂടുതലാണ്.

അതേസമയം, പ്രസിഡന്റ് മുഹമ്മദ് മുയിസുവിനും അദ്ദേഹത്തിന്റെ സര്‍ക്കാരിനുമെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ ആരംഭിക്കുന്നതിന് ആവശ്യമായ ഒപ്പുകള്‍ ശേഖരിച്ചതായി എംഡിപി അറിയിച്ചു. ചൈനയെ അനുകൂലിക്കുന്ന പ്രസിഡന്റിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.

ഇന്ത്യയോടു പ്രതികാര ബുദ്ധിയോടെ പെരുമാറുന്ന ചൈനാപ്രേമിയായ മുയിസുവിനെതിരെ രാജ്യത്തുയരുന്ന പ്രതിഷേധത്തിന്റെ ഭാഗമാണ് ഇംപീച്ച്മെന്റ്. മുയിസു പ്രസിഡൻറായി അധികാരമേറ്റതു മുതല്‍ ഇന്ത്യയുമായുള്ള മാലദ്വീപിന്റെ ബന്ധം വഷളായിരുന്നു.തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ ചൊല്ലി വാക്പോര് ഉണ്ടായതോടെ പ്രശ്നം രൂക്ഷമാകുകയും ചെയ്തു.

മോദി ലക്ഷദ്വീപ് സന്ദർശിച്ചതിനു പിന്നാലെ മുയിസു മന്ത്രിസഭയിലെ മൂന്നു പേർ അധിക്ഷേപ പരാമർശങ്ങള്‍ നടത്തിയതു വിവാദമായിരുന്നു. ഗവേഷണത്തിനെന്ന പേരില്‍ പുറപ്പെട്ട ചൈനീസ് ചാരക്കപ്പലിന് മാലദ്വീപ് തീരത്ത് നങ്കൂരമിടാൻ മുയിസു അനുമതി നല്‍കിയതും ഇന്ത്യയെ പ്രകോപിപ്പിക്കാനാണെന്നാണു നിഗമനം.

അതേസമയം ചൈന സന്ദർശനത്തിന് ശേഷം നടത്തിയ മോശം പരാമർശങ്ങളില്‍ ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഔദ്യോഗികമായി മാപ്പ് പറയണമെന്ന് മാലദ്വീപ് പ്രസിഡന്റിനോട് പ്രതിപക്ഷ പാർട്ടിയായ മാലദ്വീപ് ജുമൂരി പാർട്ടി (ജെ.പി) നേതാവ് ഖാസിം ഇബ്രാഹിം ആവശ്യപ്പെട്ടു.

Back to top button
error: