കേരള ജനപക്ഷം നേതാവും പൂഞ്ഞാര്‍ മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജ് ബിജെപിയില്‍ ചേർന്നതിന് പിന്നാലെയാണ് വന്‍ പ്രഖ്യാപനം നടത്തിയത്.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ബിജെപിക്ക് അഞ്ചില്‍ കുറയാത്ത എംപിമാരുണ്ടാകുമെന്ന് പറഞ്ഞ അദ്ദേഹം താനുള്‍പ്പെടെയുള്ള ബിജെപി പ്രവര്‍ത്തകര്‍ ഇനി ജയിക്കാന്‍ വേണ്ടി മല്‍സരിക്കുമെന്നും പറഞ്ഞു.
ചൊവ്വാഴ്ച ന്യൂഡല്‍ഹിയിലെത്തിയ പിസി ജോര്‍ജ്, മകന്‍ ഷോണ്‍ ജോര്‍ജ് എന്നിവര്‍ ബിജെപി കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.തുടർന്ന് ഇന്നലെ ഉച്ചയോടെയാണ് മാധ്യമങ്ങളെ കണ്ട് ബിജെപിയില്‍ അംഗത്വമെടുത്ത കാര്യം അറിയിച്ചത്. ജനപക്ഷം പാര്‍ട്ടി ബിജെപിയില്‍ ലയിക്കുകയാണെന്നും കേരളത്തില്‍ വലിയ ലയന സമ്മേളനം നടത്തുമെന്നും പിസി ജോര്‍ജ് പറഞ്ഞു.
ബിജെപിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ സാധിക്കില്ലെന്ന് പറയുന്ന എല്‍ഡിഎഫിനെയും യുഡിഎഫിനെയും പരാജയപ്പെടുത്തി ബിജെപി എംപിമാര്‍ പാര്‍ലമെന്റിലുണ്ടാകുമെന്നും പിസി ജോര്‍ജ് പറഞ്ഞു.