IndiaNEWS

പെട്രോളിനും പാചകവാതകത്തിനും നിത്യോപയോഗ സാധനങ്ങൾക്കും  വില കുറയുമോ? നികുതിഭാരം കുറയ്ക്കുമോ..? നിർമല സീതാരാമൻ്റെ ഇടക്കാല ബജറ്റിലെ  ജനപ്രിയ പ്രഖ്യാപനങ്ങളിൽ ഉറ്റുനോക്കി രാജ്യം

    ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് ഇന്നു രാവിലെ 11നു രാജ്യത്തിന്റെ ബജറ്റ് അവതരിപ്പിക്കും. തിരഞ്ഞെടുപ്പ് വർഷമായതിനാൽ ഇതൊരു ഇടക്കാല ബജറ്റായിരിക്കും. ബജറ്റിൽ എന്തെല്ലാം ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. തിരഞ്ഞെടുപ്പിനുശേഷം വരുന്ന സർക്കാരാകും പൂർണ ബജറ്റ് അവതരിപ്പിക്കുക.

തെരഞ്ഞെടുപ്പിന് മുമ്പായതു കൊണ്ട്  സർക്കാരിനും ഈ ബജറ്റ് നിർണായകം തന്നെ. ജനങ്ങളെ പ്രീതിപ്പെടുത്താനുള്ള പ്രഖ്യാപനങ്ങൾ സർക്കാർ നടത്തുമെന്നാണ് കരുതുന്നത്. ശമ്പളക്കാരും സ്ത്രീകളും കർഷകരും നികുതിദായകരും യുവാക്കളുമൊക്കെ ഈ ബജറ്റിൽ ആശ്വാസം പ്രതീക്ഷിക്കുന്നു.

Signature-ad

തൊഴിലാളിവർഗത്തിന് നികുതി ഇളവ്

ബജറ്റ് കഴിഞ്ഞ് ഏതാനും മാസങ്ങൾക്കുള്ളിൽ രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ആദ്യ 10 വർഷങ്ങളിൽ സംഭവിക്കാത്തത് ഈ വർഷം സംഭവിക്കുമെന്നാണ് പ്രതീക്ഷ. നികുതിദായകർക്ക് ആശ്വാസം നൽകിക്കൊണ്ട് സർക്കാർ സ്റ്റാൻഡേർഡ് ഡിഡക്ഷന്റെ പരിധി ഉയർത്തിയേക്കും. നിലവിൽ 50,000 രൂപയാണ് സ്റ്റാൻഡേർഡ് ഡിഡക്ഷൻ. ഇത് ഒരു ലക്ഷം രൂപയായി ഉയർത്തണം എന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

പെട്രോളിനും പാചകവാതകത്തിനും  വില കുറയുമോ?

രാജ്യത്തെ പൊതുസമൂഹം ബജറ്റിൽ,  വിലക്കയറ്റത്തിൽ നിന്ന് ആശ്വാസം പ്രതീക്ഷിക്കുന്നു. പെട്രോൾ പാചകവാതകം തുടങ്ങി വിലകൂടിയ ഭക്ഷ്യവസ്തുക്കൾക്കുമൊക്കെ വില കുറയ്ക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഇത്തവണ പെട്രോളിനുംപാചകവാതകത്തിനും വില കുറയ്ക്കുമെന്നാണ് പ്രതീക്ഷ.

മുതിർന്ന പൗരന്മാർക്കും പ്രതീക്ഷ

യുവാക്കൾക്കും സ്ത്രീകൾക്കും പുറമെ മുതിർന്ന പൗരന്മാർക്കും ഇത്തവണ പ്രതീക്ഷയുണ്ട്. ട്രെയിൻ ഇളവുകൾ പുനസ്ഥാപിക്കുമെന്നും പ്രതീക്ഷിക്കുന്നു. കൊറോണ കാലയളവിന് മുമ്പ് മുതിർന്ന പൗരന്മാർക്ക് റെയിൽവേ ടിക്കറ്റിൽ ഇളവ് നൽകിയിരുന്നു. ലോക്ക്ഡൗണിന് ശേഷം ഈ ഇളവ് ഇല്ലാതായി.

കർഷകരുടെ വരുമാനം വർധിക്കും

  കർഷകർക്കും ബജറ്റിൽ ഏറെ പ്രതീക്ഷകളുണ്ട്. ഇത്തവണ ബജറ്റിൽ സർക്കാർ പ്രത്യേക പരിഗണന നൽകുമെന്നാണ് ഇവരുടെ പ്രതീക്ഷ. പൊതുബജറ്റിൽ പ്രധാനമന്ത്രി കിസാൻ യോജനയ്ക്ക് കീഴിൽ നൽകുന്ന തുക വർധിപ്പിക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ പ്രതിവർഷം 6000 രൂപയാണ് നൽകുന്നത്.

യുവാക്കൾക്കും പ്രതീക്ഷ

രാജ്യത്തെ യുവാക്കളുടെ കണ്ണും ഈ ബജറ്റിലാണ്. തങ്ങളുടെ തൊഴിലവസരങ്ങൾ സർക്കാർ വർധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് യുവാക്കൾ. കൂടാതെ മിനിമം വേതനവും വർധിപ്പിച്ചേക്കും.

നികുതി സ്ലാബിൽ മാറ്റം

പഴയ നികുതി വ്യവസ്ഥയിൽ 2014 മുതൽ നികുതി സ്ലാബിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല. ഇതുമൂലം ജനങ്ങളുടെ മേലുള്ള നികുതിഭാരം കൂടിവരികയാണ്. ഇതിന് അറുതി വരുത്തുന്ന നടപടികളാണ് സാധാരണക്കാർ പ്രതീക്ഷിക്കുന്നത്. ആദായനികുതിയുടെ 24ബി പ്രകാരം ഭവനവായ്പയായി നൽകുന്ന പലിശയിളവ് നിലവിലെ പരിധിയിൽ നിന്ന് വർധിപ്പിക്കാൻ ഇത്തവണ ധനമന്ത്രിക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

റിയൽ എസ്റ്റേറ്റ് മേഖല

റിയൽ എസ്റ്റേറ്റിനാണ് ബജറ്റിൽ ഏറ്റവും കൂടുതൽ പ്രതീക്ഷകൾ. ഇന്ത്യയിൽ റിയൽ എസ്റ്റേറ്റിന് ഏർപ്പെടുത്തിയിരിക്കുന്ന നികുതി ലോകത്തിലെ ഏറ്റവും ഉയർന്നതാണ്. ഇടത്തരം വരുമാനമുള്ള ഭവനങ്ങൾക്ക് 2024ലെ ഇടക്കാല ബജറ്റിൽ ഇളവ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

  ക്ഷേമ പദ്ധതികളുടെ പങ്ക് തിരഞ്ഞെടുപ്പ് ഫലങ്ങളിൽ പ്രതിഫലിക്കും എന്ന കാര്യം  മനസിൽ വെച്ചുകൊണ്ട്, ധനമന്ത്രി സാധാരണക്കാർക്ക് ചില സുപ്രധാന സാമൂഹിക സാമ്പത്തിക ക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കാനിടയുണ്ട്.

Back to top button
error: