ഇന്നലെ രാത്രി 9 മണിയോടെ തൃശ്ശൂരും പാലക്കാടുമായി നടന്ന 2 വാഹനാപകടങ്ങളിൽ 2 യുവാക്കളുടെ ജീവൻ പൊലിഞ്ഞു. തൃശ്ശൂർ ചൊവ്വന്നൂർ പോസ്റ്റോഫീസിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചാണ് വരവൂർ കക്കാട്കുന്ന് കോളനിയിൽ രവിയുടെ മകൻ ഷാഹുൽ (24) മരിച്ചത്.
പാലക്കാട് കോട്ടായിയിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ കോട്ടായി നുരയോട് വീട്ടിൽ അജീഷ് (39) ആണ് മരിച്ചത്. കോട്ടായി മേജർ റോഡ് കണ്ടത്താർ കാവിന് സമീപത്തായിരുന്നു അപകടം. ബുധനാഴ്ച രാത്രി 9 മണിയോടെയായിരുന്നു രണ്ട് അപകടങ്ങളും.
കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന കാർ എതിരെ വന്ന ഷാഹുലിൻ്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ ഷാഹുലിൻ്റെ തലക്ക് ഗുരുതരമായി പരിക്കേറ്റു. ഹെൽമെറ്റ് പൊട്ടിചിതറിയ നിലയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. യുവാവിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപകടമുണ്ടാക്കിയ കാർ നിർത്താതെ മുന്നോട്ടെടുത്തെങ്കിലും പിന്നീട് 50 മീറ്റർ അകലെ റോഡരികിൽ നിർത്തിയിട്ട് യാത്രക്കാർ രക്ഷപ്പെട്ടു. മരിച്ച ഷാഹുൽ കുന്നംകുളം ഐസി ട്രാവൽസിലെ ജീവനക്കാരനാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. അമ്മ: ഉഷ. സഹോദരങ്ങൾ: രാഹുൽ, ഷിനിൽ, രഹ്‌ന.
പാലക്കാട് മരം കയറ്റിവന്ന ലോറിയിൽ അജീഷിൻ്റെ സ്കൂട്ടർ നിയന്ത്രണം തെറ്റി ഇടിക്കുകയായിരുന്നു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറയിൽ സൂക്ഷിച്ചിരിക്കുകയാണ്.