Social MediaTRENDING

കൊണ്ടേ പോകൂ പുകവലി; ചുമ ആദ്യ മുന്നറിയിപ്പ് 

പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന വാചകവും മുന്നറിയിപ്പുമെല്ലാം ദിവസേന കേള്‍ക്കുന്നവരാണ്  നമ്മൾ. സിഗരറ്റ്, ബീഡി മറ്റ് പുകയില ഉത്പ്പന്നങ്ങളെല്ലാം ശരീരത്തിന് ഹാനികരമാണ്.
 ശ്വാസകോശത്തെ ദോഷകരമായി ബാധിക്കുന്ന പുകവലി ആസ്തമ പോലെയുള്ള അസുഖങ്ങളിലേയ്ക്കാണ് മനുഷ്യരെ തള്ളിവിടുന്നത്. അതായത് ശ്വാസം മുട്ടലിലേക്ക്.
പുകവലിക്കാരില്‍ ചുമയാണ് ഏറ്റവുമധികം കണ്ടുവരുന്നത്. ശ്വസന സംബന്ധമായ പ്രശ്‌നങ്ങളും ശ്വാസകോശ അര്‍ബുദവും ഹൃദ്രോഗവും വരെയുണ്ടാകാന്‍ പുകവലി കാരണമാകുന്നുണ്ട്. പല്ലിന്റെ നിറവ്യത്യാസം, ചര്‍മ്മത്തിലെ ചുളിവ് എന്നിവയ്ക്കും പുകവലി കാരണമാകുന്നുണ്ട്. ബ്രോങ്കൈറ്റിസ്, ന്യുമോണിയ, സ്‌ട്രോക്ക് തുടങ്ങിയ രോഗങ്ങളും പുകവലിക്കാരില്‍ കണ്ടുവരുന്നുണ്ട്.
പുകയില ഉപയോഗിക്കുന്നവരില്‍ 50 ശതമാനവും ഇവയുടെ ഉപയോഗത്താല്‍ മരണപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പുകവലി ഉള്‍പ്പെടെയുള്ള പുകയില ഉപയോഗം കാരണം 80 ലക്ഷം ജനങ്ങളെങ്കിലും ആയുസെത്താതെ ആഗോളതലത്തില്‍ മരിക്കുന്നുണ്ട്. ഇന്ത്യയില്‍ 13 ലക്ഷം ആളുകളാണ് ഒരു വര്‍ഷം പുകയില ഉപയോഗത്താല്‍ മരണപ്പെടുന്നത്.
നിങ്ങള്‍ പുകവലിക്കാരനാണെങ്കില്‍ പുകവലിയുടെ ഉപയോഗം എത്രമാത്രം ഭവിഷ്യത്തുളവാക്കുന്നതാണെന്ന് മനസിലാക്കണമെങ്കില്‍ താഴെ പറയുന്ന കാര്യം സ്വയം പരീക്ഷിച്ച് നോക്കാവുന്നതാണ്.
വായ്ക്കുള്ളില്‍ സിഗരറ്റിന്റെയോ ബീഡിയുടെയോ പുക നിറയ്ക്കുക. ശ്വാസനാളത്തിലേയ്ക്ക് കടത്തിവിടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഒരു വെള്ള ടിഷ്യൂ പേപ്പര്‍ കയ്യില്‍ നിവര്‍ത്തിപ്പിടിച്ച് അതിലേയ്ക്ക് ഊതി വിടുക. ടിഷ്യൂ പേപ്പറില്‍ തവിട്ട നിറത്തിലുള്ള കറ പറ്റിപ്പിടിച്ചിരിക്കുന്നതായി നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. അത് പുകയില്‍ അടങ്ങിയിരിക്കുന്ന ‘ടാര്‍’ എന്ന രാസവസ്തുവാണ്.
ഇനി നിങ്ങള്‍ പുക വലിച്ച് ശ്വാസനാളത്തിലേയ്ക്ക് വിടുക. വീണ്ടും ടിഷ്യൂ പേപ്പറിലേയ്ക്ക് ഊതി നോക്കുക. നിങ്ങള്‍ നേരത്തെ കണ്ടതുപോലെയുള്ള കറ ഇത്തവണ പേപ്പറില്‍ കാണില്ല. അതിനെന്ത് സംഭവിച്ചു? കൂടുതല്‍ ചിന്തിക്കേണ്ട കാര്യമില്ല. അവ നിങ്ങളുടെ ശ്വാസകോശത്തില്‍ ലയിച്ചുകഴിഞ്ഞു.
മാനസികമായ തയ്യാറെടുപ്പാണ് പുകവലി നിര്‍ത്താന്‍ ഏറ്റവും ആവശ്യമായുള്ളത്. പ്രകോപനങ്ങളില്‍ വീഴാതെ സ്വയം നിയന്ത്രിക്കുന്നവര്‍ക്ക് പുകവലിയില്‍ നിന്ന് പുറത്തുകടക്കാന്‍ സാധിക്കും. ഒറ്റ ദിവസം കൊണ്ട് പുകവലി നിര്‍ത്താന്‍ ബുദ്ധിമുട്ടുള്ളവര്‍ ക്രമേണ സിഗരറ്റിന്റെയും മറ്റും എണ്ണം കുറച്ചുകൊണ്ട് പൂര്‍ണമായും നിര്‍ത്താന്‍ ശ്രമിക്കുകയാണ് വേണ്ടത്.
പുകവലി എങ്ങനെ നിര്‍ത്തണം എന്ന ആശയക്കുഴപ്പം നേരിടുന്നവര്‍ക്കായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അവതരിപ്പിച്ചിട്ടുള്ള M-Sessionല്‍ പങ്കെടുക്കാം. പുകവലി നിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് 01122901701 എന്ന നമ്പറിലേയ്ക്ക് മിസ്ഡ് കോള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. http://www.nhp.gov.in/quit-tobacco എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഇ-രജിസ്റ്റര്‍ ചെയ്യാനും സാധിക്കും. ഇതിനായി മൊബൈല്‍ നമ്പറും ഇ-മെയില്‍ ഐഡിയും മാത്രം നല്‍കിയാല്‍ മതി.
കേവലം നൈമിഷികമായ ആനന്ദത്തിനും ആസ്വാദത്തിനും വേണ്ടിയാണ് ആളുകള്‍ സിഗരറ്റ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ക്ക് അടിമപ്പെടുന്നത്. എന്നാല്‍, അവ താത്ക്കാലികമായ ആനന്ദം മാത്രമേ നല്‍കൂവെന്നും പുകയുന്നത് ജീവിതമാണെന്നും തിരിച്ചറിഞ്ഞ് പുകവലിയോട് ഗുഡ്‌ബൈ പറയാന്‍ കഴിയണം. നല്ല സൗഹൃദങ്ങള്‍ പങ്കുവെയ്ക്കാന്‍ ലഹരി അനിവാര്യമല്ലെന്ന് മനസിലാക്കുകയും വേണം.

Back to top button
error: