KeralaNEWS

ദയാവധത്തിന് അനുമതി തേടിയ കുടുംബത്തെ ഏറ്റെടുത്ത് പാലാ മാര്‍ സ്ലീവാ മെഡിസിറ്റി

കോട്ടയം: ജീവിക്കാ‍ൻ മാർഗമില്ലാത്തതിനെത്തുടർന്ന് ദയാവധത്തിന് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അനുമതി തേടിയ കുടുംബത്തിന് ആശ്വാസം പകർന്ന് പാലാ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രി.

കൊഴുവനാല്‍ പഞ്ചായത്ത് പത്താം വാർഡില്‍ താമസിക്കുന്ന സ്മിത ആന്‍റണിയും ഭർത്താവ് മനുവും മൂന്നു മക്കളുമടങ്ങുന്ന കുടുംബമാണ് ദയാവധത്തിന് അനുമതി തേടിയത്.

വിവരം അറിഞ്ഞ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്‍റെ നിർദേശാനുസരണം മാർ സ്ലീവാ മെഡിസിറ്റി അധികൃതർ ഇവരുടെ ഭവനം സന്ദർശിച്ചു. സ്മിതയ്ക്കും ഭർത്താവ് മനുവിനും പ്രവൃത്തിപരിചയവും പ്രാവീണ്യവും അനുസരിച്ചുള്ള ജോലി നല്‍കാൻ തയാറാണെന്ന് മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ മോണ്‍. ഡോ. ജോസഫ് കണിയോടിക്കല്‍ അറിയിച്ചു.

ഇവരുടെ ഇളയ രണ്ടു കുട്ടികള്‍ അപൂ‍ർവരോഗബാധിതരാണ്. ഈ കുട്ടികള്‍ക്കു നിലവിലുള്ള രോഗത്തിനു പതിവായി വേണ്ട ലാബ് പരിശോധനകളും എൻഡോക്രൈനോളജി കണ്‍സള്‍ട്ടേഷനും ആശുപത്രിയില്‍ സൗജന്യമായി ചെയ്തു നല്‍കും. മറ്റ് ചികിത്സകളും  സൗജന്യമായി ചെയ്തു നല്‍കുമെന്നും മാനേജിംഗ് ഡയറക്ടർ അറിയിച്ചു.

മാർ സ്ലീവാ മെഡിസിറ്റി ഓപ്പറേഷൻസ് ആൻ‍ഡ് പ്രോജക്‌ട്സ് ഡയറക്ടർ ഫാ. ജോസ് കീരഞ്ചിറ, കൊഴുവനാല്‍ സെന്‍റ് ജോണ്‍സ് നെപുംസ്യാൻസ് പള്ളി വികാരി ഫാ. ജോർജ് വെട്ടുകല്ലേല്‍ എന്നിവരും ഭവനസന്ദർശനത്തില്‍ ഒപ്പമുണ്ടായിരുന്നു.

കുട്ടികളി‍ല്‍ അപൂർവരോഗം കണ്ടെത്തിയതിനെ തുടർന്ന് വീടും സ്ഥലവും ഈട് വച്ച്‌ വായ്പ എടുത്തും മറ്റുമായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. എന്നാ‍ല്‍, കുട്ടികളുടെ ചികിത്സയ്ക്കും ജീവിതച്ചെലവുകൾക്കുമായി ബുദ്ധിമുട്ടുന്ന സാഹചര്യത്തി‍ല്‍ ജോലിക്കായി പല വാതിലുക‍ള്‍ മുട്ടിയെങ്കിലും ഫലമുണ്ടായില്ല.തുടർന്നായിരുന്നു ദയാവധത്തിന് അനുമതി തേടിയത്.

Back to top button
error: