Health

കോവിഡ്: പുരുഷൻമാരുടെ പ്രത്യുത്പാദനത്തെ ബാധിക്കുന്നു, പുരുഷബീജത്തിന്റെ കൗണ്ട് കുറയാൻ വേറെയും നിരവധി കാരണങ്ങള്‍; വിശദ വിവരങ്ങൾ അറിയുക

    പുരുഷ ബീജം അഥവാ സ്പേം എന്നത് ഗര്‍ഭധാരണത്തിന് അത്യന്താപേക്ഷിതമാണ്. സാധാരണ ഗതിയില്‍ ഒരു ബീജമാണ് അണ്ഡവുമായി സംയോജിച്ച് ഗര്‍ഭധാരണം സംഭവിയ്ക്കുന്നതെങ്കിലും ഗര്‍ഭധാരണം സാധ്യമാക്കാന്‍ കുറഞ്ഞത് 15 മില്യണ്‍ സ്പേം ഓരോ മില്ലീലിറ്ററിലും വേണമെന്നാണ് കണക്ക്.

ഇതില്‍ കുറവെങ്കില്‍ ബീജസംഖ്യ കുറവ് എന്ന ഗണത്തില്‍ ആ വ്യക്തിയെ പെടുത്താം. ഗര്‍ഭധാരണത്തിന് തടസമായി നില്‍ക്കുന്ന ഒന്നാണ് കുറവ് ബീജസംഖ്യ.
അടുത്തിടെ നടത്തിയ പഠനത്തിൽ കോവിഡ് ബാധിച്ച പുരുഷന്മാർക്ക്  അതവരുടെ  ബീജത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്ന്  വ്യക്തമായി. കോവിഡ് വ്യാപനം പുരുഷ പ്രത്യുത്പാദന ആരോഗ്യത്തെ ബാധിക്കുമെന്ന് നേരത്തെ ആശങ്കകൾ ഉയർന്നിരുന്നു.

കോവിഡ് മുക്തമാകുന്നതോടെ ബീജത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുമെന്നും പഠനത്തിൽ ചൂണ്ടികാണിക്കുന്നു. ചൈനയിൽ വൈറോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 2022 ജൂൺ മുതൽ 2023 ജൂലൈ വരെയുള്ള കാലഘട്ടത്തിൽ ചൈനയിലെ ഗുലിൻ പീപ്പിൾസ് ആശുപത്രിയിൽ ബീജ പരിശോധനയ്ക്ക് വിധേയരായി ഫെർട്ടിലിറ്റി ആവശ്യകതകളുള്ള 85 പുരുഷന്മാരുടെ ബീജസാമ്പിളുകളാണ് പഠനത്തിനായി ഉപയോഗിച്ചത്. മൂന്ന് സമയക്രമങ്ങളിലൂടെയാണ് ബീജ പാരാമീറ്ററുകളിലെ മാറ്റങ്ങളെ വിശകലനം ചെയ്തത്.

കോവിഡ് ബാധയ്ക്ക് മുൻപുള്ള ആറ് മാസം, കോവിഡ് മുക്തമായതിന് ശേഷമുള്ള മൂന്ന് മാസം, കോവിഡ് മുക്തമായതിന് ശേഷമുള്ള ആറ് മാസം എന്നിങ്ങനെയാണ് സമയക്രമം തിരിച്ചത്. കോവിഡ് ബാധയ്ക്ക് ശേഷം ബീജത്തിന്റെ സാന്ദ്രതയും എണ്ണവും കുറഞ്ഞതായി പഠനത്തിൽ കണ്ടെത്തി. എന്നാൽ കോവിഡ് മുക്തമായി മൂന്ന് മുതൽ ആറ് മാസത്തിനുള്ളിൽ ബീജത്തിന്റെ സാന്ദ്രത, എണ്ണം, ചലനം, രൂപഘടന എന്നിവയിൽ വർധനവുണ്ടായതായും പഠനത്തിൽ പറയുന്നു.കോവിഡ് ബീജത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു.

മാത്രമല്ല ഇന്ത്യയിലെ പുരുഷന്മാരില്‍ ബീജസംഖ്യ മറ്റ് കാരണങ്ങളാലും കുറയുന്നു എന്ന് പഠനങ്ങൾ പറയുന്നു.

കാരണങ്ങള്‍

പുകവലി, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം, തെറ്റായ ഭക്ഷണരീതി, വ്യായാമമില്ലായ്മ മൂലമുള്ള പൊണ്ണത്തടി, സമ്മര്‍ദം തുടങ്ങിയ ജീവിതശൈലീ ഘടകങ്ങളാണ് സ്‌പേം കൗണ്ട് കുറയാന്‍ കാരണം. പുകവലിക്കാത്തവരെ അപേക്ഷിച്ച് വലിക്കുന്നവരില്‍ സ്‌പേം കൗണ്ട് കുറവായിരിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അമിതമായ മദ്യപാനവും അനബോളിക് സ്റ്റീറോയ്ഡുകളുടെയും കൊക്കെയ്‌ന്റെയും ഉപയോഗവും സ്‌പേം കൗണ്ട് കുറയാന്‍ കാരണമാകും.

ഇപ്പോഴത്തെ കാലത്തെ ഒരു ആരോഗ്യപ്രശ്‌നമാണ് സ്‌ട്രെസ് അഥവാ സമ്മര്‍ദം. ഇത് പെട്ടെന്ന് ശരീരഭാരം കൂടാനും ഉറക്കം തടസ്സപ്പെടാനും കാരണമാകും. അതോടൊപ്പം ഫെര്‍ട്ടിലിറ്റിയെയും ബാധിക്കും.
ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങള്‍, ആന്റിബയോട്ടിക്‌സ് പോലുള്ള മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം, ഹോര്‍മോണ്‍ അസന്തുലനം തുടങ്ങിയവയെല്ലാം ബീജത്തിന്റെ കൗണ്ട് കുറയാന്‍ കാരണമാകും. വൃഷണസഞ്ചിക്കു ചുറ്റുമുള്ള ഞരമ്പുകള്‍ വികസിക്കുന്നത് വൃഷണങ്ങളിലേക്കുള്ള രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ടെസ്റ്റോസ്റ്റീറോണിന്റെ ഉല്‍പാദനം കുറയ്ക്കുകയും ചെയ്യും. ലിംഗത്തിന്റെ അറ്റത്തു നിന്നു വരുന്നതിനു പകരം, ബീജം മൂത്രസഞ്ചിയില്‍ എത്തുന്നതു വഴിയും സ്‌പേം കൗണ്ട് കുറയാം.

പ്രതിരോധവും ചികിത്സയും

മിക്കവരിലും ജീവിതശൈലി വ്യത്യാസപ്പെടുത്തുന്നതിലൂടെ ഒലിഗോസ്‌പേമിയ തടയാനും ചികിത്സിച്ചു മാറ്റാനും പറ്റും. ഇതിനായി മദ്യോപയോഗം കുറയ്ക്കാം. പുകവലി ഉപേക്ഷിക്കാം. മയക്കുമരുന്ന് ഉപയോഗിക്കരുത്. കൂടാതെ ആരോഗ്യകരമായ ഭക്ഷണവും വ്യായാമചര്യയും ശീലമാക്കാം. ഒപ്പം സമ്മര്‍ദം കുറയ്ക്കുകയും ആവാം. ചൂടുള്ള വസ്തുക്കളുമായി വൃഷണസഞ്ചി സമ്പര്‍ക്കത്തില്‍ വരാതെയും നോക്കണം.
കുറഞ്ഞ സ്‌പേം കൗണ്ടിനുള്ള മറ്റ് ചികിത്സാമാര്‍ഗങ്ങള്‍ ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. ചിലരില്‍ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. അല്ലെങ്കില്‍ ഹോര്‍മോണ്‍ ചികിത്സയും ലഭ്യമാണ്. മരുന്നു കഴിച്ചും ഈ അവസ്ഥ ഭേദമാക്കാവുന്നതാണ്. വൈദ്യസഹായം തേടുന്നതിലൂടെ മികച്ച ചികിത്സ ലഭ്യമാക്കി ആരോഗ്യം കൈവരിക്കാനാകും.

Back to top button
error: